തൃശ്ശൂർ: സംസ്ഥാനത്തെ പൊലീസ് സേനയുടെ കുറ്റാന്വേഷണ മികവ് വളരെ വലുതാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ കേസുകളിൽ പൊതുവിൽ പോലീസിന്റെ ഇടപെടൽ ജനങ്ങളിൽ നല്ല വിശ്വാസം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശ്ശൂർ റൂറൽ പൊലീസിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസുകാർക്ക് അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്നുവെന്നും ആക്‌സ്മികമായി ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ വന്ദന ദാസിന്റെ കൊലപാതകം പരാമർശിക്കാതെയായിരുന്നു ഈ പ്രസ്താവന. ഇത്തരം അപകടമായ സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തമാകുന്ന രീതിയിൽ പോലീസ് സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്നേഹവായ്പോടെ സ്വീകരിക്കാൻ പറ്റുന്ന സേനയായി പോലീസ് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമ പരിപാലന പ്രശ്നം വരുമ്പോൾ വിട്ടു വീഴ്ച ചെയ്യരുതെന്നായിരുന്നു പൊലീസുകാരോട് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ പൊലീസ് സേനയിൽ അത്യപൂർവമായി ചിലർ വ്യത്യസ്തമായാണ് പെരുമാറുന്നത്. അവരിൽ ചിലർ സേനയ്ക്ക് പുറത്തായി. എങ്ങനെ നടന്നാലും സേനയിൽ തുടരാമെന്നു അവർ കരുതിയിരുന്നു. ആ രീതിക്ക് ഇപ്പോൾ മാറ്റം വന്നു. അങ്ങനെയുള്ളവരെ സേനക്ക് ആവശ്യമില്ല. നിഷ്‌പക്ഷമായി പ്രവർത്തിക്കുന്നതിന് പൊലീസിന് ബാഹ്യ ഇടപെടൽ തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.