ആലപ്പുഴ: ലഹരിക്കടത്തിൽ ആരോപണവിധേയനായ എ.ഷാനവാസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലിൽ പ്രതിഷേധം. കോൺഗ്രസും ബിജെപിയും കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായെത്തി. ലഹരിക്കടത്ത് വിവാദങ്ങൾക്കിടെയാണ് ആലപ്പുഴ നഗരസഭ കൗൺസിൽ ഇന്ന് ചേർന്നത്.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഷാനവാസിനെ മാറ്റേണ്ടതില്ലെന്ന് ഇന്നലെ പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിച്ചിരുന്നു. പാർട്ടിയുടെയും പൊലീസിന്റെയും അന്വേഷണത്തിന് ശേഷം തുടർനടപടികൾ മതിയെന്നാണ് തീരുമാനം.
ഷാനവാസിന്റെ രാജി എഴുതിവാങ്ങാൻ പാർട്ടി തയ്യാറായിട്ടില്ല. അതുകൊണ്ട് ഈ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ല എന്നാണ് നഗരസഭയിലെ പ്രതിപക്ഷം പറയുന്നത്. കൗൺസില് യോഗം തുടങ്ങിയപ്പോൾ തന്നെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. രാജി ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും ഫ്‌ലക്‌സ് ബോർഡുകളും ഉപയോഗിച്ച് കൗൺസിൽ ഹാളിന്റെ നടുത്തളത്തിലേക്കിറങ്ങിയാണ് പ്രതിഷേധിച്ചത്. ലഹരി കടത്തിനെതിരെ ഒരു പ്രമേയം പോലും പാസാക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാജു പറഞ്ഞു.
പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായിരുന്നു കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ ഒരു ലോറി ഷാനവാസിന്റെ പേരിലുള്ളതായിരുന്നു.