ദില്ലി: ത്രിപുര തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സി പി എം കേന്ദ്ര നേതൃത്വം പ്രതിരോധത്തിലായി. കോൺഗ്രസുമായുള്ള സഖ്യം തുടരണോയെന്നതിൽ പാർട്ടിയിൽ ഭിന്നതയുണ്ടായി. പിബി യോഗത്തിൽ കേരളം ഇക്കാര്യം ഉന്നയിക്കും. സഹകരണം കൊണ്ട് കോൺഗ്രസിന് മാത്രമാണ് നേട്ടമുണ്ടായതെന്ന് പാർട്ടിയിലെ വലിയ വിഭാഗം നേതാക്കൾ വാദിക്കുന്നു. സിപിഎമ്മിന് ത്രിപുരയിൽ വോട്ടും സീറ്റും കുറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് ഈ വിമർശനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കോൺഗ്രസ് സഹകരണവുമായി മുന്നോട്ട് പോയത്.
കോൺഗ്രസുമായി ദേശീയ രാഷ്ട്രീയസഖ്യമില്ലെന്ന അടവുനയം തുടരാനാണ് സിപിഎം പാർട്ടി കോൺഗ്രസിൽ തീരുമാനമായത്. കോൺഗ്രസുമായുള്ള അകലം എത്രയെന്ന് പ്രമേയത്തിൽ വ്യക്തമാക്കണമെന്ന കേരളത്തിൻറെ നിലപാട് അംഗീകരിച്ചില്ല. കേരള ബദലിന് ദേശീയതലത്തിൽ പ്രചാരണം നല്കാൻ തീരുമാനിച്ച സിപിഎം എന്നാൽ ഇത് രാഷ്ട്രീയ അടവുനയത്തിൻറെ ഭാഗമാക്കിയില്ല.
ഹിമാചൽപ്രദേശ് കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ചർച്ചയിൽ പങ്കെടുത്തവർ കേരള മാതൃക ദേശീയ ബദലായി ഉയർത്തിക്കാട്ടണം എന്ന നിർദ്ദേശം മുന്നോട്ടു വച്ചു. അരവിന്ദ് കെജ്രിവാൾ ദില്ലി മാതൃക മറ്റു സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കുന്നു. പാർട്ടി കേരള മാതൃക ഉയർത്തിക്കാട്ടാൻ മടിക്കരുത് എന്നാണ് നിർദ്ദേശം. പാർട്ടിയുടെ വളർച്ചയ്ക്കുള്ള പ്രചാരണത്തിൽ ഇതും ഉൾപ്പെടുത്താനാണ് തീരുമാനമെടുത്തത്.
എന്നാൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഹകരണം എന്ന തന്ത്രം പശ്ചിമ ബംഗാളിലേത് പോലെ ത്രിപുരയിലും പ്രയോഗിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തവണ ത്രിപുരയിൽ 60 ൽ 17 ഓളം സീറ്റ് കോൺഗ്രസിന് നൽകിയത്. സിപിഎമ്മിന് 11 സീറ്റ് മാത്രമാണ് സംസ്ഥാനത്ത് നേടാനായത്. തിപ്ര മോത പാർട്ടി ഏറ്റവും വലിയ രണ്ടാം കക്ഷിയായി. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും കിട്ടാതിരുന്ന കോൺഗ്രസിന് നാല് സീറ്റ് നേടാനുമായി.