കൊച്ചി: കെ റെയില്‍ പദ്ധതിയുടെ ഗുണത്തെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കെ റെയിലില്‍ യാത്ര ചെയ്യാനെടുക്കുന്ന സമയത്തെ സൂചിപ്പിച്ച് സിപിഐഎം ജനകീയ പ്രതിരോധ ജാഥക്കിടെ എം വി ഗോവിന്ദന്‍ കൂറ്റനാട് വെച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് തൃത്താല മുന്‍ എംഎല്‍എ വി ടി ബല്‍റാം രംഗത്തെത്തിയത്. കൂറ്റനാടുനിന്ന് രാവിലെ രണ്ടുകെട്ട് അപ്പവുമായി കൊച്ചിയില്‍ പോയി അത് കച്ചവടം ചെയ്ത് ഉച്ചയാവുമ്പോഴേക്കും തിരിച്ചെത്താന്‍ കുടുംബശ്രീക്ക് കഴിയും എന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.
‘ഗോവിന്ദമ്മാഷ് ഇന്നലെ ഞങ്ങടെ നാട്ടില്‍ വന്ന് പ്രസംഗിച്ചതാണ്. കെ-റെയില്‍ കൊണ്ടുള്ള ഇത്തരം നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടിയിലെ ഏറ്റവും വലിയ ബുദ്ധിജീവിയായ ഗോവിന്ദന്മാഷ് തന്നെ രംഗത്ത് വന്നത് എന്തുകൊണ്ടും നന്നായി. ഏതായാലും ഇതുകേട്ട് കുടുംബശ്രീക്കാരൊക്കെ വലിയ ആവേശത്തിലാണ്. രണ്ട് കെട്ട് അപ്പം ഒക്കെ കൂറ്റനാട് നിന്ന് കൊച്ചിയില്‍ പോയി കച്ചവടം ചെയ്യാന്‍ കഴിയുക എന്നതൊക്കെ അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലുമപ്പുറത്തുള്ള നേട്ടമല്ലേ!’ എന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തന്നെയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മുണ്ടൂര്‍ ഏഴക്കാടെ സമ്മേളനത്തിലായിരുന്നു എംവി ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. ത്രിപുരയില്‍ കഴിഞ്ഞതവണ ബിജെപിക്ക് നല്ല ഭൂരിപക്ഷം കിട്ടി. ഇത്തവണ നേരിയ തോതിലാണ് രക്ഷപ്പെട്ടത്. അവിടെ സിപിഐ എം -കോണ്‍ഗ്രസ് സഖ്യത്തിന് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ബിജെപിയുടെ മുന്നേറ്റം തടയാനായെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.