തിരുവനന്തപുരം: യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോർത്ത് ഗേറ്റിൽ സമരക്കാരും പൊലീസും തമ്മിൽ സംഘർഷം. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പൊലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പൊലീസ് സമരം പൊളിക്കാനുള്ള ശ്രമമാണെന്നാണ് പ്രതിഷേധക്കരുടെ ആരോപണം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനം പ്രതിഷേധദിനമായി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികൾ. യുഡിഎഫ് സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കുകയാണ്. നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്‍റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും. പാളയത്ത് ബിജെപിയുടെ രാപ്പകൽ സമരവും പുരോഗമിക്കുകയാണ്.
അതേസമയം, ഈ ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അഴിമതിക്കാരെയും വർഗീയ വാദികളെയും തുടച്ചുനീക്കുമെന്നും ജനങ്ങളുടെ കുറ്റപത്രം അവതരിപ്പിക്കുമെന്നും വി ഡി സതീശൻ സമര വേദിയിൽ പറഞ്ഞു.
തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തലസ്ഥാനത്ത് ഉച്ചവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിച്ചുണ്ട്. എം ജി റോഡില്‍ പാളയം, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ജ് വരെയാണ് നിയന്ത്രണം. സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികള്‍ നടക്കുന്നതിനാല്‍ വൈകീട്ട് മൂന്ന് മണി മുതലും നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. എം ജി റോഡ്, മണക്കാട്, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, തമ്പാനൂര്‍, പവര്‍ഹൗസ് റോഡ് എന്നിവിടങ്ങളിലാണ് വേകീട്ട് നിയന്ത്രണം ഉണ്ടാവുക.