തിരുവനന്തപുരം: കോൺഗ്രസിലെ ഒറ്റുകാരൻ, ബിജെപിയുമായി ബന്ധം, മന്ത്രിമാരെ ആക്ഷേപിക്കുന്നു തുടങ്ങി പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി റിയാസ്. ജീവിതത്തിൽ ഇന്നുവരെ അര മണിക്കൂർ പോലും ജയിൽ വാസം അനുഭവിക്കാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗം എന്തെന്ന് അറിയില്ല. രാവിലെ ഗുഡ് മോണിങും വൈകീട്ട് ഗുഡ് ഈവിനിങും പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ മന്ത്രിമാരെ കിട്ടില്ല. ബിജെപിക്ക് വേണ്ടി കോൺഗ്രസിനെ കോൺഗ്രസിൽ നിന്നുകൊണ്ട് ഒറ്റുകൊടുക്കുകയാണ് വിഡി സതീശനെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാവായി നിന്ന് എംഎൽഎമാരെ വഞ്ചിക്കുന്ന രാഷ്ട്രീയ വഞ്ചനാ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായും കേന്ദ്ര സർക്കാരുമായും പ്രതിപക്ഷ നേതാവിന് അന്തർധാരയുണ്ട്. കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിപക്ഷ നേതാവ് മിണ്ടിയില്ല, പ്രതിപക്ഷ അംഗങ്ങളെ മിണ്ടാൻ അനുവദിച്ചുമില്ല. പാചകവാതക വില വർധനയിലും മിണ്ടിയില്ല. കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷ കോൺഗ്രസുകാരെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്.
അദ്ദേഹത്തെ രാവിലെ കണ്ട് ഗുഡ് മോണിങ് പറഞ്ഞ് വൈകീട്ട് ഗുഡ് ഈവനിങ് പറഞ്ഞാൽ മാത്രമേ മന്ത്രിപ്പണിയെടുക്കാൻ പറ്റൂവെന്നൊരു തോന്നൽ അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നു. മന്ത്രിമാരായ വീണ ജോർജ്ജിനെ, ശിവൻകുട്ടിയെ, അബ്ദുറഹ്മാനെ അങ്ങനെ മന്ത്രിമാരെ തുടർച്ചയായി അധിക്ഷേപിക്കുകയാണ്. അദ്ദേഹത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങിയേ മന്ത്രിപ്പണിയെടുക്കാവൂ എന്നൊരു തോന്നൽ അദ്ദേഹത്തിനുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ അലമാരയിൽ അത് പൂട്ടിവെക്കുന്നതാണ് നല്ലതെന്നും മന്ത്രി റിയാസ് പറഞ്ഞു.
ഞങ്ങൾ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനം ചുമതലയേൽപ്പിച്ചിട്ടാണ്. വികസനത്തിൽ എല്ലാ എംഎൽഎമാരും യോജിപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ സിപിഎമ്മിനെതിരെ ആക്ഷേപം വന്നാൽ മിണ്ടാതിരിക്കേണ്ട സ്വതന്ത്ര പദവിയല്ല മന്ത്രി പദവി. അങ്ങനെ സ്വതന്ത്രരായല്ല മന്ത്രിയായത്. ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ചിട്ടാണ് ഞങ്ങൾ അധികാരത്തിലെത്തിയത്. നിരവധി പേരുടെ ത്യാഗമുണ്ടതിൽ. ജീവിതത്തിൽ 30 മിനിറ്റ് പോലും ജയിൽ വാസം അനുഭവിക്കാത്ത അദ്ദേഹത്തിന് രാഷ്ട്രീയ ത്യാഗം അറിയില്ലെന്നും മന്ത്രി റിയാസ് വിമർശിച്ചു.