Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമോദി സർക്കാർ 10-ാം വർഷത്തിലേക്ക്; നേട്ടങ്ങളെ ഉയര്‍ത്തിക്കാണിച്ച് വൻ പ്രചാരണ പരിപാടിക്കൊരുങ്ങി ബിജെപി

മോദി സർക്കാർ 10-ാം വർഷത്തിലേക്ക്; നേട്ടങ്ങളെ ഉയര്‍ത്തിക്കാണിച്ച് വൻ പ്രചാരണ പരിപാടിക്കൊരുങ്ങി ബിജെപി

ദില്ലി: രാജ്യത്ത് നരേന്ദ്രമോദി ഭരണം പത്താം വർഷത്തിലേക്ക്. പാർലമെന്റ് ഉദ്ഘാടനം അടക്കമുള്ള നേട്ടങ്ങൾ ഉയർത്തിക്കാട്ടി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസത്തിലാണ് ബിജെപിയും കേന്ദ്ര സർക്കാറും നീങ്ങുന്നത്. കാർഷിക നിയമങ്ങൾ പിൻവലിച്ചതടക്കം ചില തിരിച്ചടികൾ ഈ കാലയളവിൽ ഉണ്ടായെങ്കിലും ക്ഷേമ പദ്ധതികളിലൂടെ തിരിച്ചടികളെ മറികടക്കാനായെന്നാണ് വിലയിരുത്തൽ.

2014 മെയ് 20 ന് പ്രധാനമന്ത്രിയായാണ് നരേന്ദ്രമോദി പാർലമെന്റിലേക്ക് ആദ്യമായി എത്തിയത്. ഭരണത്തിൽ പതിവ് രീതികളിൽ നിന്നും മാറി സഞ്ചരിച്ച പ്രധാനമന്ത്രി, ഒൻപതാണ്ട് പൂർത്തിയാക്കുമ്പോൾ ഇത്രയും സ്വീകാര്യത നേടിയ നേതാക്കളുടെ പട്ടികയിൽ നരേന്ദ്രമോദിയെന്നത് ആദ്യ പേരുകളിലൊന്നാണ്. സ്വന്തം പാർട്ടിയെ ചിന്തിക്കാൻ കഴിയാതിരുന്ന ഉയർച്ചയിലേക്കാണ് മോദി നയിച്ചത്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ആരാധകരെയുണ്ടാക്കാൻ മോദിക്കായി. സാധാരണക്കാരെ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതികൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാജ്യം റെയിൽ റോഡ് വികസനത്തിൽ നിർണായക നേട്ടങ്ങൾ കൈവരിക്കുന്നതും, വിദേശരാജ്യങ്ങളുമായി മികച്ച ബന്ധം വളർത്തുന്നതും മോദി ഭരണത്തിൽ കണ്ടു.

എന്നാൽ നോട്ട് നിരോധനവും, കർഷകസമരത്തെ പല്ലും നഖവുമുപയോ​ഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതും, തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയും ആദ്യ സർക്കാറിന് തിരിച്ചടിയായി. എന്നാൽ വെല്ലുവിളികളെയെല്ലാം രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ടും വ്യക്തി പ്രഭാവം കൊണ്ടും മറികടന്നായിരുന്നു നരേന്ദ്ര മോദി 2019 ൽ ബിജെപിക്ക് തുടർഭരണം നേടിയെടുത്തത്.

രണ്ടാം മോദി സർക്കാർ പ്രധാനമന്ത്രിയിൽ മാത്രം കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. കൊവിഡ് മഹാമാരി രണ്ട് കൊല്ലം സർക്കാരിൻ്റെ നീക്കങ്ങളെ ബാധിച്ചു. ‌മോദിയിലും ഷായിലും എല്ലാ അധികാരവും കേന്ദ്രീകരിച്ചത് മന്ത്രിമാരുടെ പ്രവർത്തനത്തെ പോലും ബാധിച്ചെന്ന വിമർശനവും പാർട്ടിക്കുള്ളിലുയർന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും, അയോധ്യാ ക്ഷേത്ര നിർമാണവും മുതൽ പുതിയ പാർലമെന്റും വരെയുള്ള നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് മോദി ഈ ഭരണത്തിന്റെ അവസാന വർഷത്തിലേക്ക് കടക്കുന്നത്.

ഗുജറാത്ത് തെരെഞ്ഞെടുപ്പിനൊപ്പം അതേ ആത്മവിശ്വാസത്തിൽ ഹിമാചൽ പ്രദേശിലും മോദിയെത്തിയെങ്കിലും ബിജെപി ദേശീയ അധ്യക്ഷന്റെ സ്വന്തം സംസ്ഥാനം കൈവിട്ടു. കർണാടകത്തിലും മോദിയുടെ തന്ത്രങ്ങൾക്ക് അടിതെറ്റിയത് കനത്ത ആഘാതമായി. ഹിൻഡൻബർ​ഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനിയുമായുള്ള ചങ്ങാത്തം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇത്തവണ ആരോപണം കടുപ്പിക്കുന്നത്. വിലക്കയറ്റം സർവകാല റെക്കോഡിലെത്തിയതും, തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതും,​ കർഷകരുടെയും ​ഗ്രാമങ്ങളിലെയും അതൃപ്തിയും രണ്ടാം മോദി സര‍ക്കാരിന് വെല്ലുവിളിയാണ്. കർണാടക വിജയത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഊർജസ്വലരായ പ്രതിപക്ഷത്തെയും ഈ വെല്ലുവിളികളെയും മറികടക്കൽ മോദിക്ക് അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments