കൊച്ചി : ഏലൂർ മുൻസിപ്പൽ ചെയർമാന്‍റെയും പ്രാദേശിക സിപിഎം നേതാക്കളുടെയും ദ്രോഹം കാരണം കണ്ടെയ്നർ വാഹനങ്ങൾക്കായുള്ള പാർക്കിംഗ് കേന്ദ്രത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വ്യവസായി എൻ എ മുഹമ്മദ് കുട്ടി. വ്യവസായ മന്ത്രിയും സ്ഥലം എംഎൽഎയുമായ പി രാജീവിനോട് പരാതി അറിയിച്ചിട്ടും നീതി കിട്ടിയില്ലെന്നും ഫാൽക്കൻ ഇൻഫ്രാസ്ട്രക്ചേഴ്സ് ചെയർമാൻ എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. ഏലൂരിലെ ഭൂമിയിൽ മണ്ണിട്ട് നികത്തുന്നത് സിപിഎം നേതാക്കൾ തുടർച്ചായി തടഞ്ഞതോടെയാണ് വ്യവസായി പരസ്യമായി രംഗത്തെത്തിയത്.
കണ്ടെയ്നർ വാഹനങ്ങൾക്ക് പാർക്കിംഗും തൊഴിലാളികൾക്ക് വേണ്ടി സൗകര്യങ്ങളും ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ കമ്പനിയാണ് ഏലൂരിലെ ഫാൽക്കൻ ഇൻഫ്രാസ്ട്രക്ചേഴ്സ്. കണ്ടെയ്നർ റോഡിൽ ഇരുപതേക്കറോളം വ്യാപിച്ച് കിടക്കുന്ന ഭൂമിയിലാണ് പാർക്കിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. ഈ ഭൂമിയിൽ ഒരേക്കർ എൻപത്തിനാല് സെന്‍റ് സ്ഥലം മണ്ണിട്ട് നികത്താൻ തുടങ്ങിയതോടെയാണ് പ്രാദേശിക സിപിഎം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിയത്. മണ്ണിട്ട് നികത്താൻ 2019 ലെ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം തനിക്ക് അനുമതിയുണ്ടെന്നും ജൂണ്‍ ആറ് വരെ തനിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടെന്നും മുഹമ്മദ് കുട്ടി അവകാശപ്പെട്ടു. എന്നാൽ സിപിഎം ഭരിക്കുന്ന ഏലൂർ മുൻസിപ്പാലിറ്റിയും ലോക്കൽ കമ്മിറ്റി നേതാക്കളും വാഹനങ്ങൾ തടയുകയാണ്.
കേരളം വ്യവസായ സൗഹൃദമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് വ്യവസായ മന്ത്രിയുടെ തന്നെ മണ്ഡലത്തിൽ പി രാജീവിന് കൂടി അറിവുള്ള വിഷയത്തിൽ തനിക്ക് ഈ ദുരനുഭവം നേരിടേണ്ടി വരുന്നതെന്ന് എൻ എ മുഹമ്മദ് കുട്ടി ആരോപിക്കുന്നു.
എന്നാൽ സ്ഥലം മണ്ണിട്ട് നികത്തുന്നതിൽ അനുമതിയില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ടെന്നും സിപിഎം നേതാവും ഏലൂർ മുൻസിപ്പൽ ചെയർമാനുമായ എഡി സുജിൽ പറഞ്ഞു. എൻസിപി നേതാവ് കൂടിയായ വി എ മുഹമ്മദ് കുട്ടി 2016 ലും 2021 ലും കോട്ടക്കലിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. മുഖ്യമന്ത്രിക്കും മുന്നണി നേതാക്കൾക്കും മുഹമ്മദ് കുട്ടി പരാതി നൽകിയിട്ടുണ്ട്.