ദില്ലി: ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശനിയാഴ്ച അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ആഭ്യന്ത്ര മന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഗുസ്തി താരം സാക്ഷി മാലിക്കിന്‍റെ ഭര്‍ത്താവ് കൂടിയായ സത്യവൃത് കാദിയാന്‍ പറഞ്ഞു. അമിത് ഷായുമായുള്ള ഗുസ്തി താരങ്ങളുടെ ചര്‍ച്ച അപൂര്‍ണമായിരുന്നുവെന്നും താരങ്ങള്‍ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയില്‍ നിന്നുണ്ടായതെന്നും കാദിയാന്‍ വ്യക്തമാക്കി.
ദില്ലിയിലെ അമിത് ഷായുടെ വസതിയില്‍ ശനിയാഴ്ച വൈകിട്ടാണ് ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ഗുസ്തി താരങ്ങളുമായുള്ള ചര്‍ച്ചകള്‍ രാത്രി വൈകി ഏറെ നേരം നീണ്ടെങ്കിലും നിയമം അതിന്‍റെ വഴിക്ക് നീങ്ങട്ടെ എന്ന നിലപാടായിരുന്നു അമിത് ഷാ സ്വീകരിച്ചത്. അതേസമയം, ബ്രിജ് ഭഊഷണെ അറസ്റ്റ് ചെയ്യുംവരെ ഗുസ്തി താരങ്ങള്‍ സമരം നിര്‍ത്തില്ലെന്നും തുടര്‍ സമരപരിപാടികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും കാദിയാന്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തെ ലൈംഗികമായി പീഡിപ്പിച്ചതടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും ഗുസ്തി താരങ്ങള്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും നിയമം നിയമത്തിന്‍റെ വഴിക്കു നീങ്ങുമെന്നും മാത്രമാണ് അമിത് ഷാ താരങ്ങളോട് പറഞ്ഞത്.