ദില്ലി:കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടന ഉടനുണ്ടാകും.പതിനഞ്ച് ദിവസത്തിനകം പുതിയ പ്രവർത്തക സമിതി പ്രഖ്യാപിക്കുമെന്നാണ് സൂചന.അംഗസംഖ്യ 24 ൽ നിന്ന് 36 ആയി ഉയര്‍ത്തും.ശശി തരൂർ, ചെന്നിത്തല എന്നിവരുടെ കാര്യത്തിൽ ചർച്ച തുടരുകയാണ്.സച്ചിൻ പൈലറ്റിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്.റായ്പൂര്‍ എഐസിസി സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി നാമനിര്‍ദ്ദേശത്തിന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ പൊട്ടിത്തെറി ഭയന്നാണ് ഇതുവരെ തൊടാതിരുന്നത്. ഒരു വിഭാഗം നേതാക്കള്‍ പ്രവര്‍ത്തക സമിതി ഉന്നമിട്ട് നില്‍ക്കുമ്പോള്‍ ആരൊക്കെ ഇടംപിടിക്കുമെന്നതും നിര്‍ണ്ണായകമാണ്
അതിനെടെ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാന്‍ താരീഖ് അന്‍വര്‍ കേരളത്തിലേക്ക്. തിങ്കളാഴ്ച മുതല്‍ മൂന്നുദിവസം നേതാക്കളുമായി ചര്‍ച്ച നടത്തും. പ്രശ്നത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടപെടേണ്ട കാര്യമില്ലെന്നാണ് എഐസിസി നിലപാട്. അതേസമയം തനിക്കെതിരായ ഗ്രൂപ്പ് നേതാക്കളുടെ പടയൊരുക്കം ശരിയാണോ എന്ന് അവര്‍ തന്നെ ആത്മപരിശോധന നടത്തട്ടെയെന്ന് വിഡി സതീശന്‍ പ്രതികരിച്ചു.പുനസംഘടനയെച്ചൊല്ലിയുണ്ടായ ഗ്രൂപ്പുതര്‍ക്കം നീട്ടിക്കൊണ്ടുപോകാതെ, അതിവേഗം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് എഐസിസി നീക്കം. 12 ന് കേരളത്തില്‍ എത്തുന്ന താരീഖ് അന്‍വര്‍ ഗ്രൂപ്പ് നേതാക്കളുടെ പരാതികള്‍ കേള്‍ക്കും. കെപിസിസി നേതൃത്വുമായും ചര്‍ച്ച നടത്തും. തത്കാലം പാര്‍ട്ടി അധ്യക്ഷന്‍ പ്രശ്നത്തില്‍ ഇടപെടേണ്ട കാര്യമില്ല. ദില്ലിയിലെത്തി നേതാക്കള്‍ പരാതി നല്‍കേണ്ടെന്ന സൂചനകൂടിയാണ് കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി നല്‍കുന്നത്.
അതേസമയം തനിക്കെതിരെ ഒന്നിച്ചുനീങ്ങാനുള്ള എ,ഐ ഗ്രൂപ്പുകളുടെ തീരുമാനത്തില്‍ കടുത്തഅമര്‍ഷത്തിലാണ് വിഡി സതീശന്‍. രാവിലെ ഗ്രൂപ്പുകളുടെ പടയൊരുക്കം, വൈകീട്ട് സര്‍ക്കാരിന്‍റെ വിജിലന്‍സ് അന്വേഷണം. ഇവ രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യത്തിന് നേതാക്കളെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുകയാണ് സതീശന്‍.