കൊച്ചി: മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ മുൻ ഐജി ലക്ഷ്മണനേയും മുൻ ഡിഐജി സുരേന്ദ്രനേയും പ്രതിചേർത്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിചേർത്തതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ പ്രതിചേർത്തത് ഇന്നലെയായിരുന്നു. മോൻസന് മാവുങ്കലിന് കൈമാറിയ 25 ലക്ഷത്തിൽ പത്തുലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന പരാതിയിലായിരുന്നു നടപടി. സുധാകരനെ മറ്റന്നാൾ കൊച്ചിയിൽ ചോദ്യം ചെയ്യും. അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
കേസിലെ പരാതിക്കാരനായ അനൂപിന്‍റെ മൊഴിയാണ് സുധാകരന് തിരിച്ചടിയായത്. 2018 ൽ കലൂരിലെ വാടക വീട്ടിൽ വെച്ച് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിന്‍റെ മൊഴി. ഈ സമയത്ത് കെ സുധാകരനും ഈ വീട്ടിലുണ്ടായിരുന്നു. താൻ നൽകിയ 25 ലക്ഷത്തിൽ 10 ലക്ഷം കെ സുധാകരൻ കൈപ്പറ്റി. പാർലമെന്‍റ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് മോൻസൻ മാവുങ്കലിന്‍റെ വിദേശത്തു നിന്നെത്തിയ പണം വിടുവിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നൽകിയതെന്നാണ് മൊഴി.
മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെതിരെ വഞ്ചാനാക്കേസ് ചുമത്തിയത്. ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കൾ വിറ്റ വകയിൽ ശതകോടികൾ കിട്ടിയെന്നും അത് കേന്ദ്ര സർക്കാർ തടഞ്ഞു വെച്ചെന്നുമുളള മോൻസന്‍റെ വാദം തട്ടിപ്പായിരുന്നെന്ന് തെളിഞ്ഞിരുന്നു. ആരോപണം ഉയർന്നപ്പോൾ തന്നെ സുധാകരൻ ഇക്കാര്യം നിഷേധിച്ചു. ആയുർവേദ ചികിത്സയുടെ ഭാഗമായിട്ടാണ് മോൻസന്‍റെ വീട്ടിൽ പോയി താമസിച്ചതെന്നും തട്ടിപ്പുകാരനെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയ പ്രേരിയ ആരോപണമാണ് തനിക്കെതിരെ ഉയർന്നിരിക്കുന്നതെന്നാണ് കെ സുധാകരന്റെ നിലപാട്. കേസിൽ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയതോടെയാണ് ബുധനാഴ്ച കൊച്ചിയിലെത്താൻ ക്രൈം ബ്രാഞ്ച് കെ സുധാകരന് നോട്ടീസ് നൽകിയത്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ പി സിസി പ്രസിഡന്‍റിനെ വഞ്ചനാ കേസിൽ പ്രതി ചേർത്തത്.