തിരുവനന്തപുരം : നിയമസഭാ സംഘർഷത്തിൽ വാദി പ്രതിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ന് സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒമ്പത് മിനിറ്റിനുള്ളിൽ പിരിഞ്ഞിരുന്നു. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് പ്രതിപക്ഷത്തിന്റെ ബഹളം രൂക്ഷമായത്. 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കെ കെ രമയുടെ പരാതിയിൽ ഇതുവരെ കേസെടുത്തില്ലെന്ന് സതീശൻ പറഞ്ഞു. ഇനി സർക്കാർ പരിപാടികളോട് സഹകരിക്കില്ല. മുഖ്യമന്ത്രിയുടെ ദാർഷ്ട്യം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ന് ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാനാകാതെ സഭ പിരിയുകയായിരുന്നു. ഇനി തിങ്കളാഴ്ചയാണ് സഭ വീണ്ടും ചേരുക. എന്നാൽ സഭ ചേരുമ്പോഴും സ്ഥിതി മറിച്ചാകില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ സഹകരണമുണ്ടാകില്ലെന്ന വെളിപ്പെടുത്തൽ.
സ്പീക്കർ സർവകക്ഷി യോഗം വിളിച്ചത് പ്രശ്നങ്ങൾ പരിഹരിക്കാൻ അല്ല. പുലർച്ചെ ഒരു മണിക്ക് ശേഷമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എഫ്ഐആർ ഇട്ടത്. ഭരണപക്ഷത്തിന്റെ ഔദാര്യം കൈപ്പറ്റുന്നവരല്ല പ്രതിപക്ഷം. റൂൾ 50 പ്രതിപക്ഷത്തിന്റെ അവകാശമാണ്. അവകാശ സംരക്ഷണത്തിനു വേണ്ടിയാണ് പ്രതിപക്ഷം തീവ്ര സമരവുമായി മുന്നോട്ടുപോകുന്നത്. ഒരു അതിക്രമവും പ്രതിപക്ഷം കാണിച്ചിട്ടില്ല. ഡെപ്യൂട്ടി ചീഫ് മാർഷൽ സിപിഎമ്മിന്റെ ഗുണ്ട പോലെയാണ് പെരുമാറിയത്. എംഎൽഎമാർക്ക് വരെ കള്ള പരാതികളാണ്.
എംഎൽഎമാർക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാർക്ക് എങ്ങനെയാണ് നീതി കിട്ടുക. ഒരു ഒത്തുതീർപ്പിനും ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം ഇല്ല. മുഖ്യമന്ത്രിയുടെ ഒരു ധാഷ്ട്യവും നടക്കില്ല. എത്ര ഒഴിഞ്ഞു മാറിയാലും മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ഒരു നടപടികളോടും സഹകരിക്കില്ല. സർക്കാറിന്റെ ഒരു പരിപാടികളോട് സഹകരിക്കില്ല. ഒരു സഭാ ടിവിക്കും മൂടിവെക്കാൻ കഴിയുന്നതല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശബ്ദം. കേരളത്തിലെ മാധ്യമങ്ങൾ അത് പുറത്തു വിടുമെന്നും സതീശൻ പറഞ്ഞു.