ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് കോൺഗ്രസ് ദില്ലി, പഞ്ചാബ് ഘടകങ്ങൾ. ദില്ലി ഓർഡിനൻസിലെ പിന്തുണയുമായി ബന്ധപ്പെട്ടാണ് എതിർപ്പുയരുന്നത്. പ്രതിപക്ഷ കക്ഷികൾ പിന്തുണക്കുമ്പോഴും എതിർപ്പ് തുടരുകയാണ് കോൺഗ്രസിന്റെ ദില്ലി, പഞ്ചാബ് ഘടകങ്ങൾ. അഴിമതി കേസുകളിൽ നിന്ന് തലയൂരാനുള്ള കെജരിവാളിൻ്റെ സമ്മർദ്ദ നീക്കമെന്നാണ് കെജ്രിവാളിന്റെ നിലപാടിനെ നേതാക്കൾ പറയുന്നത്. അതേസമയം, ഇവർക്ക് മറുപടി നൽകാനാവാതെ നേതൃത്വം കുഴങ്ങുകയാണ്. പിസിസികളെ പിണക്കാനാവില്ലെന്നാണ് നേതാക്കളുടെ നിലപാട്.
നേരത്തേയും പിസിസികൾ എതിർപ്പുന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാട് അന്തിമമായിരിക്കും. ദില്ലി ഓർഡിനൻസിന് പിന്തുണ അഭ്യർത്ഥിച്ച് എല്ലാ പ്രതിപക്ഷ നേതാക്കളേയും കെജ്രിവാൾ സന്ദർശിച്ചിരുന്നു. ഓർഡിനൻസിനെതിരെ പിന്തുണ നൽകാമെന്ന് പ്രതിപക്ഷ നേതാക്കൾ കെജ്രിവാളിന് ഉറപ്പു നൽകിയിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടുവരികയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് പേര് കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്നായിരിക്കും സഖ്യത്തിന്റെ പേരെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പാട്‌നയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആണ് പേര് സംബന്ധിച്ച സൂചന നല്‍കിയത്. പേരിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും എന്‍ഡിഎയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും രാജ പറഞ്ഞു. മതനിരപേക്ഷ, ജനാധിപത്യ ആശയങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളാണ് സഖ്യത്തിന്റെ ഭാഗമാകുന്നതെന്നും രാജ കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം 10 മുതല്‍ 12 വരെ ഷിംലയില്‍ നടക്കുന്ന യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകും. വെള്ളിയാഴ്ചയാണ് പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം പട്നയില്‍ നടന്നത്.