തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അപ്രിയമായ സത്യം പറഞ്ഞതിനു തനിക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ദേശാഭിമാനി മുൻ മാധ്യമപ്രവർത്തകൻ ജി ശക്തിധരന്‍. പാർട്ടി നേതൃത്വത്തിന്‍റെ ഒത്താശയോടെയാണ് സൈബർ ആക്രമണം നടക്കുന്നത്. പേരക്കുട്ടിയെ പോലും വെറുതെ വിടുന്നില്ല. പൊലീസിൽ പരാതി കൊടുത്തിട്ടും അനക്കമില്ലെന്ന് ശക്തിധരൻ ആരോപിച്ചു.
കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇന്ന് വൻമരമായി. യഥാർത്ഥ കള്ളനെ പുറത്തു കൊണ്ട് വരും വരെ പോരാട്ടം തുടരും. വ്യക്തിഗത ഫേസ്ബുക്ക് പോസ്റ്റ് നിർത്തുന്നുവെന്നും ശക്തിധരൻ വ്യക്തമാക്കി. ഇനി മറുപടി ജനശക്തി പേജ് വഴിയായിരിക്കും. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അടുക്കള സംഘമാണ്. പരാതി പറഞ്ഞാൽ ഇടപെടുന്ന ആളാണ് മുഖ്യമന്ത്രി. പക്ഷെ പുറത്തുള്ള സംഘം അദ്ദേഹത്തെ നിയന്ത്രിക്കുകയാണെന്നും ശക്തിധരൻ ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ അനാരോഗ്യം മുതലെടുത്ത് മൂന്നുനാല് പേര് അടങ്ങിയ ഒരു ‘അടുക്കള സംഘം’ ഭരണഘടനാ ബാഹ്യശക്തിയായി മാറിയതോടെ മുഖ്യമന്ത്രി ശീര്‍ഷാസനത്തിലായി. മുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞതോടെ സ്വയംവിമര്‍ശനം നടത്തി തെറ്റ് തിരുത്തുകയല്ല, കൂടുതല്‍ ആക്രമണോല്സുകമായി മാറുകയാണ് സൈബര്‍ കാളികൂളി സംഘം. എനിക്കെതിരെ നേരത്തെ ദിവസം പ്രതി ഇട്ടിരുന്ന അശ്ലീല പോസ്റ്റ് ഇപ്പോള്‍ ഓരോ മണിക്കുറിലുമാക്കി ഉയര്‍ത്തി.
കടുപ്പമുള്ള പുതിയ തെറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അനുചരന്മാര്‍. മലയിന്കീഴ് പൊലീസ് സ്റ്റേഷനില്‍ പലവട്ടം നേരില്‍ പോയി പരാതി സമര്‍പ്പിച്ചിട്ടും മൊഴികൊടുത്തിട്ടും സൈബർ വിഭാഗത്തിൽ പരാതി എഴുതിക്കൊടുത്തിട്ടും ഫലമുണ്ടായില്ല.നീതി നിർവഹിക്കപ്പെടില്ല എന്ന് അറിയുമ്പോൾ, , അതും ഒരു ഒളി യുദ്ധത്തിൽ, ഒരു കുടുംബം എത്ര നിസ്സഹായാവസ്ഥയിൽ ചെന്നുപെടുന്നു എന്നത് ഒരാൾക്ക് അനുഭവിക്കുമ്പോഴേ മനസ്സിലാകൂയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു .