തിരുവനന്തപുരം: വായ്പാ പരിധി നിയന്ത്രണത്തിൽ നിയമ നടപടിയുമായി മുന്നോട്ട് തന്നെയെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. കൂടിയാലോചനകളും നിയമോപദേശവും അടക്കം എല്ലാം കിട്ടിയ ശേഷം മുന്നോട്ട് പോകും. 20000 കോടിയാണ് കടമെടുപ്പ് പരിധിയെന്ന മുൻ നിലപാട് ഇപ്പോൾ കേന്ദ്രം തിരുത്തിയിട്ടുണ്ട്. അർഹിക്കുന്ന ധനസഹായം ചോദിച്ച് വാങ്ങാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. മാധ്യമങ്ങളുടെ വലിയ സഹായം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന് കെഎസ്ആർടിസിയുടെ ആകെ ബാധ്യത ഏറ്റെടുക്കാനാകില്ല. പൊതുമേഖല സ്ഥാപനങ്ങൾ നിലനിൽപ്പിനുള്ള വഴികൾ സ്വയം കണ്ടെത്തണം. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൊടുക്കും. എന്നാൽ പണലഭ്യത പ്രശ്നമാണ്. അത് കിട്ടുന്ന മുറക്ക് ആനുകൂല്യങ്ങൾ കൊടുത്ത് തീർക്കും. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ സംശയമുണ്ട്. അത് പരിശോധിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഇപ്പോൾ പറയുന്നവരാണ് അത് നടപ്പിലാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് സിപിഎമ്മിന്റേതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി. സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിൽ സഹകരിക്കാവുന്നവരെ സഹകരിപ്പിക്കും. പ്രതിപക്ഷ നേതാവ് ആശങ്ക കൊണ്ടാണ് സിവിൽ കോഡ് വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നത്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാവിനോടാണ് പ്രതിപക്ഷ നേതാവ് ആദ്യം ചോദിക്കണ്ടത്. പൗരത്വ നിയമ ഭേദഗതി സമരങ്ങളിലെടുത്ത കേസിന്റെ കാര്യം പറയുന്നത് ഇപ്പോൾ പറയുന്നത് ബാലിശമാണ്. നടപടിക്രമം നോക്കിയാണ് കേസ് പിൻവലിക്കുന്നത്. ഇത്ര പേരുടെ പേരിലെ കേസ് പിൻവലിക്ക് എന്നു പറഞ്ഞാൽ അത് ചെയ്യാൻ പറ്റില്ലെന്നും മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.