തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കാത്തത് തിരിച്ചടിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎം നടത്താനിരുന്ന പരിപാടിയിലേക്ക് ക്ഷണിച്ചവരില്‍ ഒരാള്‍ വരാതിരുന്നാല്‍ അത് തിരിച്ചടി ആകുന്നതെങ്ങനെയെന്നായിരുന്നു എം വി ഗോവിന്ദന്റെ ചോദ്യം. ഇത്തരം വിഷയങ്ങളില്‍ ഐക്യം ശക്തിപ്പെടുത്തിക്കൊണ്ട് പോകാനാണ് മുസ്ലിം ലീഗും തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്ന പാര്‍ട്ടിയാണ്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ സെമിനാറിന് എത്തിച്ചേരാന്‍ കഴിയില്ലെന്നതാണ് അവര്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
സിപിഐഎം നടത്തുന്ന സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് എന്തുകൊണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ‘ഏകസിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ സമീപനമില്ല. ഒരോ സംസ്ഥാനത്തിലും ഓരോ സമീപനമാണ് . പൊതുസാഹചര്യം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിളിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്’, എം വി ഗോവിന്ദന്‍ പറഞ്ഞു.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയുടെ നിലപാട് സ്വീകരിക്കുന്നവരെയും ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്ത കോണ്‍ഗ്രസിനെയും ഒഴിവാക്കി ബാക്കിയെല്ലാവരെയും ഐക്യപ്പെടുത്തി മുന്നോട്ടു പോകണമെന്ന നിലപാടാണ് സിപിഐഎമ്മിനെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശമാണ് എം വി ഗോവിന്ദന്‍ ഉന്നയിച്ചത്. ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് ഫാസിസത്തിലേക്കുള്ള യാത്രക്ക് തുടക്കം കുറിക്കുമെന്ന മുന്നറിപ്പും എം വി ഗോവിന്ദന്‍ നല്‍കി.
നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി മൂന്ന് കാര്യങ്ങളാണ് ബിജെപി പറഞ്ഞിരുന്നത്. ബാബറി മസ്ജിദ് തകര്‍ക്കും, രാമക്ഷേത്രം പണിയും. അത് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജമ്മു കശ്മീരിനെ ഇല്ലാതാക്കുമെന്നതായിരുന്നു രണ്ടാമത്തേത്. അതും ചെയ്തു. മൂന്നാമത്തേത് ഏക സിവില്‍ കോഡാണ്. ഇത് മൂന്നും പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയെ ഒരു ഹിന്ദുത്വ രാജ്യമാക്കി മാറ്റാമെന്നാണ് അവര്‍ കരുതുന്നത്. ഹിന്ദുത്വ രാഷ്ട്രമാക്കി രാജ്യത്തെ മാറ്റാനുള്ള വര്‍ഗ്ഗീയ ധ്രുവീകരണ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ നാഴികകല്ലാണ് ഏക സിവില്‍ കോഡ്. ഏക സിവില്‍ കോഡിനെ ഹിന്ദു വര്‍ഗീയ വാദികള്‍ ഒഴികെ ആരും അംഗീകരിക്കില്ല. വര്‍ഗീയ ധ്രുവീകരണത്തിനുള്ള മുദ്രാവാക്യമെന്ന നിലയിലാണ് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത്. അത് ഫാസിസത്തിലേക്കുള്ള യാത്രയാണ്; എം വി ഗോവിന്ദന്‍ പറഞ്ഞു.
ഫാസിസ്റ്റ് സമീപനത്തിലേക്കുള്ള യാത്രയെ പ്രതിരോധിക്കുന്ന ഏറ്റവും വലിയ സമരമുഖമാണ് ഏകീകൃത സിവില്‍ കോഡിനെതിരായ സമരമെന്ന് ചൂണ്ടിക്കാണിച്ച എം വി ഗോവിന്ദന്‍ ആ സമരത്തിന്റെ തുടക്കമാണ് സെമിനാറെന്ന് വ്യക്തമാക്കി. ഇതിന്റെ തുടര്‍ച്ചയായി വലിയ സമരങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരും. അതില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടി വരുമെന്ന് കൂടിയാണ് മുസ്ലിം ലീഗും പറഞ്ഞ് വച്ചിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു.
ഇഎംഎസ് ഏക സിവില്‍ കോഡിന് അനുകൂലമാണെന്ന നിലയിലുള്ള ചര്‍ച്ചയെയും എം വി ഗോവിന്ദന്‍ ഖണ്ഡിച്ചു. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച കാഴ്പ്പാട് ഭരണഘടന വ്യക്തതയോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏകസിവില്‍ കോഡിന് പരിപക്വമായ രാഷ്ട്രീയ സാമൂഹിക ജീവിതം രാജ്യത്ത് വേണം. അതില്ലാത്തിടത്തോളം സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് തീരുമാനിച്ചാല്‍ നടപ്പിലാക്കാന്‍ സാധിക്കുമോ. അതാണ് ഇംഎംഎസ് പറഞ്ഞത്; എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഏകസിവില്‍ കോഡ് ഇപ്പോള്‍ നടത്താന്‍ കഴിയില്ല. എന്നാല്‍ ഏക സിവില്‍ കോഡിലേക്ക് എത്താന്‍ കഴിയുന്ന വിധത്തില്‍ വിവിധ ജാതി-മത വിഭാഗങ്ങളിലുള്ള സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചുള്ള ചര്‍ച്ച രാജ്യത്ത് ഉടനീളം ഉയര്‍ന്നുവരണമെന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അര്‍ത്ഥമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.