കോഴിക്കോട്: ദേശീയ തലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ സഖ്യമുണ്ടെങ്കിലും കേരളത്തിലെ സിപിഎമ്മിനെ അംഗീകരിക്കാനാവില്ലെന്ന് വടകര എംപി കെ മുരളീധരൻ. കേരളത്തിലെ സിപിഎം പ്രത്യേക ജീവിയാണെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡിൽ കരട് നിയമം വന്ന ശേഷം മാത്രമേ കോൺഗ്രസ് സമരത്തിലേക്ക് പോകൂവെന്നും കെ മുരളീധരൻ പറഞ്ഞു.
ബെംഗളൂരുവിൽ ചേരുന്ന പ്രതിപക്ഷ ഐക്യ യോഗത്തിൽ പ്രതീക്ഷയുണ്ട്. ബിജെപിക്കെതിരെ നിൽക്കുമ്പോൾ വ്യക്തമായ അജണ്ട വേണം. ബെംഗളൂരു യോഗത്തിൽ ഒരു മിനിമം പരിപാടിയുമായി വ്യക്തത വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജെഡിഎസ് ദേശീയ തലത്തിൽ ബിജെപിയിലേക്ക് പോവുകയാണ്. അതിനാൽ കേരളത്തിലെ നിലപാട് ഇവിടുത്തെ നേതാക്കൾ വ്യക്തമാക്കണം. ദേശീയ തലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ സഖ്യമുണ്ട്. എന്നാൽ കേരളത്തിലെ സി പി എം പ്രത്യേക ജീവിയാണ്. അവരെ അംഗീകരിക്കാനാവില്ല.
ഏകീകൃത സിവിൽ കോഡ് രാജ്യത്ത് ആവശ്യമില്ല. അതുമായി ബന്ധപ്പെട്ട് കരട് രേഖ വന്ന ശേഷം മാത്രമേ കോൺഗ്രസ് സമരത്തിലേക്ക് പോകൂ. ഇപി ജയരാജനും ശോഭാ സുരേന്ദ്രനും യുഡിഎഫിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും കോൺഗ്രസിന് സംസ്ഥാനത്ത് ആവശ്യത്തിന് നേതാക്കളുണ്ടെന്നും കെ മുരളീധരൻ പ്രതികരിച്ചു.