Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'നിയമസഭയിലെ മാധ്യമവിലക്ക് പിന്‍വലിക്കണം,സർക്കാരിന്‍റെ സ്വന്തം ചാനലായി സഭ ടിവിയെ മാറ്റാൻ അനുവദിക്കില്ല'

‘നിയമസഭയിലെ മാധ്യമവിലക്ക് പിന്‍വലിക്കണം,സർക്കാരിന്‍റെ സ്വന്തം ചാനലായി സഭ ടിവിയെ മാറ്റാൻ അനുവദിക്കില്ല’

തിരുവനന്തപുരം:നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടി.വിയും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാരിന്‍റെ  സ്വന്തം ചാനല്‍ എന്ന രീതിയില്‍ സഭ ടി.വി പ്രവര്‍ത്തിക്കുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി.

കത്ത് പൂര്‍ണരൂപത്തില്‍

‘കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിയമസഭയിലെ ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകക്കുണ്ടായിരുന്ന അനുമതി റദ്ദാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. ഇക്കാര്യം കത്ത് മുഖേനയും നിയമസഭയ്ക്കുള്ളിലും നിരവധി തവണ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തിയതുമാണ്. ഇക്കാര്യത്തില്‍ ഇതുവരെ നടപടി ഉണ്ടായില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. 

നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധം പൂര്‍ണമായും ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് ഇക്കഴിഞ്ഞ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്ന സാഹചര്യത്തില്‍ പ്രതിരോധവുമായി ഭരണപക്ഷ അംഗങ്ങളും സീറ്റില്‍ നിന്നെഴുന്നേറ്റപ്പോള്‍ മാത്രമാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സഭ ടി.വി തയാറായത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും പാര്‍ലമെന്‍ററി ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയുമാണ്. 

ലോക്സഭയില്‍ 1994 ജൂണ്‍ 22ന് ബഹു സ്പീക്കര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നടപടിക്രമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. 2005 ല്‍ സംപ്രേക്ഷണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ ബഹു. സ്പീക്കര്‍ വരുത്തിയ ഭേദഗതി റഫറന്‍സിനായി ചുവടെ ചേര്‍ക്കുന്നു;

i) സഭയുടെ നടുത്തളത്തില്‍ ഇറങ്ങല്‍, ഇറങ്ങിപ്പോക്ക്, ബഹളം എന്നിവ ഉള്‍പ്പെടെ സഭയില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലനം ആയിരിക്കണം ലോക്സഭാ നടപടികളുടെ സംപ്രേഷണം. 

 ii) സഭയില്‍ ബഹളമുണ്ടാകുമ്പോള്‍ ബഹളം നടക്കുന്ന സ്ഥലത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യേണ്ടതാണ്.

iii) അത്തരം സന്ദര്‍ഭങ്ങളില്‍ സഭയില്‍ ആദ്ധ്യക്ഷം വഹിക്കുന്ന ആളിന്റെ ദൃശ്യങ്ങള്‍ ഇടയ്ക്കിടെ ഉള്‍പ്പെടുത്താവുന്നതാണ്.

ഈ ഭേദഗതികള്‍ കൂടി പരിഗണിച്ചാണ് കേരള നിയമസഭ നടപടിക്രമങ്ങളും മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നത്. എന്നാല്‍ നിയമസഭയുടെ സ്വന്തം ടി.വിയെന്ന നിലയില്‍ സഭ ടി.വി നിലവില്‍ വന്നതോടെ മാധ്യമങ്ങളെ നിയമസഭയില്‍ നിന്നും ഒഴിവാക്കുന്ന സ്ഥിതിയുണ്ടായി. പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാരിന്റെ സ്വന്തം ചാനല്‍ എന്ന രീതിയില്‍ സഭ ടി.വി പ്രവര്‍ത്തിക്കുന്നത് ഇനിയും അനുവദിക്കാനാകില്ല.ഫാസിസ്റ്റ് ശൈലിയിലുള്ളതും ജനാധിപത്യ വിരുദ്ധവുമായ മാധ്യമ വിലക്കിലും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സര്‍വ സീമയും ലംഘിച്ചുള്ള സഭ ടി.വിയുടെ പ്രവര്‍ത്തനത്തിലും അങ്ങയുടെ അടിയന്തിര ഇടപെടല്‍ ഇനിയെങ്കിലും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com