തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ ഒന്നാം പ്രതിയായാണ് കേസ്. 1000ത്തിലധികം പേർക്കെതിരെയാണ് കേസ്. കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്.
പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. കേസിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രംഗത്ത് വന്നു. ഇങ്ങനെ ആണെങ്കിൽ മുഴുവൻ വിശ്വാസികൾക്ക് എതിരെയും കേസ് എടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ പ്രശ്നത്തിലെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
സർക്കാരിന്‍റെ നിലപാടിൽ വൈരുധ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കേസ് എടുക്കുന്നത് നേരത്തെ തീരുമാനിച്ചത് പ്രകാരമെന്ന് വ്യക്തമാണ്. സർക്കാരിന്‍റെ ബാലൻസ് വിട്ടിരിക്കുന്നു. വിനാശകാലേ വിപരീത ബുദ്ധി. സർക്കാരിന് വിവാദം കത്തിച്ച് നിർത്താനാണ് താൽപര്യമെന്നും അദ്ദേഹം പ്രതികരിച്ചു.