തിരുവനന്തപുരം: കേരളാ നിയമസഭാ സമ്മേളനം നേരത്തെ അവസാനിപ്പിക്കാൻ ആലോചന. ഇന്ന് ചേരുന്ന കാര്യോപദേശക സമിതിയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഈ മാസം 30 വരെ സമ്മേളനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. നാല് ബില്ലുകൾ ഇനിയും പാസ്സാക്കാൻ ബാക്കി നിൽക്കേയാണ് പ്രതിപക്ഷ ബഹളത്തിന്റെ സാഹചര്യത്തിൽ, സഭാ സമ്മേളനം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.
അതേ സമയം, 11 മണിക്ക് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലും പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം ഇതിനോടകം അറിയിച്ചിട്ടുണ്ട്. അടിയന്തിരപ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഹകരിക്കില്ലെന്ന ഉറച്ചനിലപാടിലാണ് പ്രതിപക്ഷം. ഇന്നും സഭ സമ്മേളിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയിൽ വ്യക്തമാക്കി. തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ഉറപ്പ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ചർച്ചയാകം. അതല്ലെങ്കിൽ കക്ഷിനേതാക്കളുടെ യോഗം നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്.