കണ്ണൂർ: മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എം ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ബോധപൂർവം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, മിത്ത് വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എൻഎസ്എസ്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും എ എന്‍ ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുകയാണ് എൻഎസ്എസ്. തുടർസമര രീതികൾ നാളത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കുമെന്നും എൻഎസ്എസ് നേതൃത്വം വ്യക്തമാക്കി. മിത്ത് വിവാദത്തിൽ നിലപാട് തിരുത്തി എംവി ഗോവിന്ദൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഗണപതി മിത്താണെന്ന് താനും സ്പീക്കറും പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്‍റെ തിരുത്ത്. സംസ്ഥാന സെക്രട്ടറിക്ക് പിന്നാലെ സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോൺഗ്രസും ആവശ്യപ്പെടുന്നുണ്ട്.