രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ വൈകുന്നത് ലോക്സഭയിലെ പ്രസംഗം തടയാൻ വേണ്ടിയെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നടപടി വൈകിപ്പിക്കുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിചാരണക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത മാറിയിരുന്നു. സ്പീക്കറുടെ സാങ്കേതികമായ അനുമതി മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ സഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെങ്കിൽ വയനാട്ടിലെ ജനങ്ങളുടെ അവകാശമാകും കേന്ദ്ര സർക്കാർ നിഷേധിക്കുന്നത്. സുപ്രീംകോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഹുലിന്‍റെ പ്രസംഗത്തെ കേന്ദ്രസർക്കാർ ഭയക്കുന്നു. അതുകൊണ്ടാണ് സ്പീക്കറുടെ അനുമതി ലഭിക്കാൻ വൈകുന്നത്. മണിപ്പൂർ കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി പാർലമെന്‍റിൽ എത്തുന്നില്ല. മോദിയെ പാർലമെന്‍റിൽ എത്തിക്കാനാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും വേണുഗോപാൽ പ്രതികരിച്ചു.
‘മോദിയെ എങ്ങനെയെങ്കിലും പാർലമെന്റിൽ എത്തിക്കാനാണ് ശ്രമം. അവിശ്വാസം വിജയിപ്പിക്കാനുള്ള അംഗബലം ഇല്ലെന്ന് പ്രതിപക്ഷത്തിനറിയാം. ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചാലുടന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും.’- കെ സി വേണുഗോപാൽ പറഞ്ഞു.