ദില്ലി: പ്രതിപക്ഷം വികസനവിരോധികളെന്ന് ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ‘ഇന്ത്യ’ സഖ്യത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ അഞ്ചെണ്ണം ഉള്‍പ്പടെ രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ലോക്‌സഭ അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് പ്രധാനമന്ത്രി വീണ്ടും ‘ഇന്ത്യ’ സഖ്യത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. വികസനത്തെ കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ ചിലര്‍ എതിര്‍ക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യത്തെ വികസനത്തിനു കാണം മുപ്പതു കൊല്ലത്തിനു ശേഷം ഒറ്റപാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ വന്നതാണെന്ന് വ്യക്തമാക്കിയ മോദി കൂട്ടുകക്ഷി സര്‍ക്കാരിനുള്ള സാഹചര്യമൊരുക്കരുതെന്ന സന്ദേശവും നല്‍കി. രാജ്യത്തെ ഐക്യം തകര്‍ക്കാന്‍ നോക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിഭജനത്തിന്റെ ദിനമായ ഓഗസ്റ്റ് പതിനാല് ഓര്‍മിപ്പിക്കുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീടുകളില്‍ പതാക ഉയര്‍ത്തുന്ന ഹര്‍ഘര്‍ തിരംഗ പരിപാടി ഇത്തവണയും ആചരിക്കാനും മോദി ആവശ്യപ്പെട്ടു. രാജ്യത്തെ 508 റെയില്‍വേസ്റ്റേഷനുകള്‍ 25,000 കോടി മുടക്കി നവീകരിക്കാനുള്ള പദ്ധതിക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. കേരളത്തിലെ പയ്യന്നൂര്‍, കാസര്‍ഗോഡ്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.