ഡൽഹി ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് ബജറ്റ് അവതരണം തടഞ്ഞെന്നും ചരിത്രത്തിൽ ആദ്യമായാണ് ബജറ്റ് അവതരണം തടയുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. എന്നാൽ ആഭ്യന്തര കേന്ദ്ര വൃത്തങ്ങൾ ആരോപണം നിഷേധിച്ചു. ബജറ്റ് സംബന്ധിച്ച് ചില വിശദീകരണങ്ങൾ തേടിയിരുന്നെന്നും അവ ഇതുവരെ നൽകിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചിരുന്നു. ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കി വെച്ച തുകയെക്കാൾ കൂടുതൽ പരസ്യത്തിനായി മാറ്റിവെച്ചിരിക്കുന്നുവെന്നും ഇക്കാര്യത്തിലാണ് വിശദീകരണം തേടിയതെന്നുമാണ് കേന്ദ്രത്തിന്റെ ആരോപണം.
ബജറ്റില്‍ ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത് ഏഴ് ദിവസത്തിന് ശേഷമെന്ന് ഡല്‍ഹി ധനമന്ത്രി കൈലാഷ് ഗെഹ്ലോട്ടും അറിയിച്ചിട്ടുണ്ട്. ഫയല്‍ മൂന്ന് ദിവസം ചീഫ് സെക്രട്ടറി പിടിച്ച് വച്ചതായി ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. ചീഫ് സെക്രട്ടറിയുടെ നീക്കം ദുരൂഹമാണെന്ന ആരോപണമാണ് പാര്‍ട്ടി ഉന്നയിക്കുന്നത്.
ഫയല്‍ ഡല്‍ഹി സര്‍ക്കാരിന് നല്‍കിയത് ഇന്നലെ ഉച്ചക്ക് ശേഷമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബജറ്റ് വൈകിച്ചതിനെ കുറിച്ച് അന്വേഷിക്കണം എന്ന് കൈലാഷ് ഗെഹ്‌ലോട്ട് ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറിയുടെയും, ധന സെക്രട്ടറിയുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കണം. പരസ്യത്തിനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചിട്ടില്ല. കേന്ദ്ര ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്യത്തിനായി നീക്കി വച്ചത് 550 കോടി രൂപയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് 22000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.