ദില്ലി: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി ആരോപണത്തെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവന പുറത്തിറക്കിയതിനെ ശക്തമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.വീണ വിജയന്‍റെ കമ്പനി സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള എന്ത് വിവരമാണ്, ബന്ധമാണ് സിപിഎമ്മിനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.കോടിയേരിയുടെ മകനെതിരെ ആരോപണം വന്നപ്പോള്‍ പാര്‍ട്ടിയുമായി അതിന് ബന്ധമില്ലെന്നായിരുന്നു വിശദീകരണം.വീണയുടെ കമ്പനിയെ ന്യായീകരിച്ചതോടെ സിപിഎമ്മിന്‍റെ സ്വന്തം കമ്പനിയെന്ന് വിശദീകരിക്കുന്നതിന് തുല്യമായി.വീണയെ എന്നാണ് സംസ്ഥാന സമിതിയിൽ എടുത്തത് ?നികുതി വെട്ടിപ്പിൽ പിഴയടച്ച കമ്പനിയെ വെളുപ്പിക്കാൻ എന്തിന് സിപിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വേട്ടയാടാനാണ് മാസപ്പടി വിവാദം കൊണ്ടുവന്നതെന്ന ആക്ഷേപം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ജൂണ്‍ മാസം 12നാണ് ആദായനികുതി വകുപ്പിന്‍റെ ഉത്തരവ് വന്നത്. കരിമണല്‍ കമ്പനിക്ക് സേവനം നല്‍കിയതിനല്ല മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി കിട്ടിയത്. മുഖ്യമന്ത്രിയുടെ മകള്‍ക്കുള്ള ആനുകൂല്യമാണത്.എല്ലാക്കാലത്തും എല്ലാവരേയും കബളിപ്പിക്കാനാകില്ല.മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പിൽ വീണയുടെ ഈ വരുമാനം വെളിപ്പെടുത്തിയിട്ടില്ല .ഇക്കാര്യം ഇനിയും വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടു .കേന്ദ്ര ഏജൻസി നാളെ അന്വേഷണം തുടങ്ങിയാൽ വിഡിസതീശൻ വേട്ടയാടൽ ആണ് എന്ന് പറഞ്ഞ് എതിർക്കുമോ ?കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകുന്ന കാര്യം ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.