കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി ബിജെപി കണ്ണൂർ ജില്ലാ നേതൃത്വം. ഒരു പൊതുപ്രവർത്തകനെന്ന നിലയിലാണ് താൻ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുടെ പരിപാടിയായ ന്യൂനപക്ഷ കൺവെൻഷൻ വിജയിപ്പിക്കാനുളള സഹായം തേടിയാണ് ബിഷപ്പ് ഹൗസിൽ എത്തിയത്. തന്റെ സന്ദർശനം വോട്ടുബാങ്ക് മാത്രം ലക്ഷ്യം വെച്ചല്ലെന്നും എൻ ഹരിദാസ് വിശദീകരിച്ചു. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ഉൾപ്പെടെയുളളവരാണ് തിങ്കളാഴ്ച ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.
ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതിൽ എന്തിനാണ് സിപിഐഎം വെപ്രാളപ്പെടുന്നത്. ബിജെപി നേതാക്കൾ മത നേതാക്കളെ കാണുമ്പോൾ മാത്രം എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും എൻ ഹരിദാസ് ചോദിച്ചു. എല്ലാ കർഷകരുടേയും പ്രശ്നങ്ങളും ആർച്ച് ബിഷപ്പ് പറഞ്ഞിട്ടുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. റബ്ബറിൻറെ വിലയിടിവ് സംബന്ധിച്ച ആകാംഷ കൂടിക്കാഴ്ചയിൽ ബിഷപ്പ് പങ്കുവെച്ചതായും ഹരിദാസ് പറഞ്ഞു.
ബിഷപ്പിൻറെ പരാമർശം ബിജെപി നേതാക്കളുടെ പ്രേരണ കൊണ്ടാണെന്ന് പറയുന്നത് ശരിയല്ല. വോട്ടിന് വേണ്ടി തങ്ങൾ ഒരു മത നേതാക്കളെയും കണ്ടിട്ടില്ല. തലയിൽ മുണ്ടിട്ടിട്ടല്ല അവിടെ പോയത്. കേരളത്തിലെ കാർഷികമേഖല തകർത്തത് ഇടത് വലതു മുന്നണികളാണെന്നും ഹരിദാസൻ കുറ്റപ്പെടുത്തി. എന്നാൽ രാഷ്ട്രീയ ചർച്ചകളൊന്നും നടന്നില്ലെന്നായിരുന്നു ബിജെപിയുടെ കൂടിക്കാഴ്ചക്ക് പിന്നാലെയുളള ബിഷപ്പിൻ്റെ മറുപടി.
പറഞ്ഞ പ്രസ്താവനയിൽ നിന്ന് അണുവിട പിന്നോട്ടില്ലെന്നും കഴിഞ്ഞ ദിവസം മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കിയിരുന്നു. റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തിൽ നിന്ന് എംപിമാരില്ലാത്ത വിഷമം മലയോര കർഷകർ മാറ്റിത്തരും എന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.
ബിഷപ്പിൻറെ പ്രസ്താവനയോട് കോൺഗ്രസും സിപിഎമ്മും രൂക്ഷമായാണ് പ്രതികരിച്ചത്. രാജ്യത്തെ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുകയാണ് എന്ന കാര്യം ബിഷപ്പ് ഓർമ്മിക്കണം എന്നായിരുന്നു വി ഡി സതീശൻറെ പ്രതികരണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിശ്വാസികൾ വേട്ടയാടപ്പെടുമ്പോൾ അത് കാണാതെയാണ് ബിഷപ്പിൻറെ പ്രസ്താവന എന്ന് എംവി ഗോവിന്ദനും കുറ്റപ്പെടുത്തി. ബിജെപി നേതാക്കളുമായി ബിഷപ്പ് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ഇതോടെ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തും.