പുതുപ്പള്ളി: കെ ഫോൺ ബെൽകൺസോർഷ്യത്തിന് നൽകിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി രൂപയെന്ന സിഎജി പരാമർശത്തില്‍ മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. കെ ഫോൺ അഴിമതിയാണെന്നു താൻ പറഞ്ഞത് സത്യമായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശിവശങ്കറിന്‍റേയോ മുഖ്യമന്ത്രിയുടേയോ ശമ്പളത്തിൽ നിന്ന് 36 കോടി തിരിച്ചു പിടിക്കണം. എല്ലാത്തിന്‍റേയും പിന്നിൽ മുഖ്യമന്ത്രിയാണ്. ഒരേ പറ്റേണിൽ ഉള്ള അഴിമതികൾ ഐടിയുമായി ബന്ധപ്പെട്ട് വരുന്നു. ഇഷാൻ ഇൻഫോടെക് മോദിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ്. മുഖ്യമന്ത്രിയും മോദിയുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാകുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ ഫോൺ പദ്ധതി നടത്തിപ്പിന് ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്. ടെണ്ടർ ഉറപ്പിച്ചത് 1531 കോടിക്ക്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്‍റെ പത്ത് ശതമാനമാണ് മൊബിലൈസേഷന്‍ അഡ്വാൻസ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അത് വഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയതിലും ആണ് സിഎജി സർക്കാരിനോട് വ്യക്തത തേടിയിട്ടുള്ളത്. 2013 ലെ സ്റ്റോർ പർചേസ് മാന്വലനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണ്.
പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോഗത്തിന്‍റെ അനുമതി വേണമെന്നാെണ് സെൻട്രൽ വിജിലൻസ് കമ്മീഷന്‍റേയും വ്യവസ്ഥ. കെ ഫോണിന്‍റെ ടെണ്ടറിൽ മൊബിലൈസേഷൻ അഡ്വാൻസിനെ കുറിച്ച് പറയുന്നില്ല .10 ശതമാനം തുക അഡ്വാൻസ് നൽകണമെന്ന് കെഎസ്ഐടിഎലിന് വാക്കാൽ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ്. അങ്ങനെ നൽകുന്നെങ്കിൽ എസ്ബിഐ നിരക്കിലും മൂന്ന് ശതമാനം കൂട്ടി പലിശ ഈടാക്കണമെന്ന് കെഎസ്ഇബി ഫിനാന്‍സ് അഡ്വൈസറും കുറിപ്പെഴുതി. ബെല്ലുമായി ഉണ്ടാക്കിയ പേമെന്‍റ് ടേംസിൽ പക്ഷെ സർക്കാരിന് കിട്ടേണ്ട പലിശയില്ല.പലിശയിനത്തിൽ മാത്രം സര്‍ക്കാരിന് നഷ്ടം 36 കോടി 35 ലക്ഷത്തി 57844 രൂപയെന്ന് പറയുന്നു സിഎജി.