ചെന്നൈ: സനാതന ധർമത്തെക്കുറിച്ചുള്ള തന്‍റെ പരാമർശം ബിജെപി വളച്ചൊടിക്കുകയാണെന്ന് തമിഴ്നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്ത് നിയമ നടപടി നേരിടാനും തയ്യാറാണെന്നും ഉദയനിധി പറഞ്ഞു. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന പരാമര്‍ശമാണ് വിവാദമായത്.
“ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തെന്ന് പറയുന്നത് ബാലിശമാണ്. ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെക്കാരെ കൊല്ലണം എന്നാണോ? കോൺഗ്രസ് മുക്ത് ഭാരത് എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണം എന്നാണോ?”- ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.
ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു- “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥം.”
എന്നാല്‍ ഉദയനിധിയുടെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും അഹങ്കാരികളായ പ്രതിപക്ഷത്തിന് ഭാരതത്തിന്‍റെ പാരമ്പര്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. വോട്ട് ബാങ്കിന് വേണ്ടി സനാതന ധര്‍മത്തെ അവര്‍ അപമാനിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.