ദില്ലി: നെല്ല് സംഭരണ വില കൃത്യവും സമഗ്രവുമായ കണക്ക് കേരളം നൽകാതെ നെല്ല് സംഭരണത്തിലെ കുടിശ്ശിക നൽകില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം. കൃത്യമായി നൽകിയ കണക്കനുസരിച്ചുള്ള തുക ഇതിനകം അനുവദിച്ചിട്ടുണ്ടെന്നാണ് വിശദീകരണം. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തോട് കേന്ദ്രം ആവർത്തിച്ച് ആവശ്യപ്പെട്ടതിന്റെ വിശദാംശങ്ങൾ ലഭിച്ചു.
2017-18 വർഷത്തിൽ നെല്ല് സംഭരിച്ച വകയിൽ 742.68 കോടി രൂപയാണ് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടത്. കേന്ദ്ര ഭക്ഷ്യ വകുപ്പ് 736.31 കോടി രൂപ അനുവദിച്ചു. 2019-20 വർഷം 1221.76 കോടി രൂപ ആവശ്യപ്പെട്ടു. കേന്ദ്രം 1033.38 കോടി രൂപ അനുവദിച്ചു. ഏറ്റവുമൊടുവിൽ 2023-24 വർഷം ഇതിനോടകം മുൻകൂറായി 34.30 കോടി രൂപ അനുവദിച്ചെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ കാലങ്ങളിൽ 5 ശതമാനത്തോളം തുകയായിരുന്നു പിടിച്ചു വച്ചിരുന്നെങ്കിൽ പിന്നീടത് 15 ശതമാനത്തോളം വരെയെത്തി. സംസ്ഥാനം സമർപ്പിക്കുന്ന കണക്കുകളിലെ പൊരുത്തക്കേടുകളാണ് തുക തടഞ്ഞുവെക്കാൻ കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. 2017 മുതൽ കേരളം ഓഡിറ്റ് റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് കഴിഞ്ഞ 10 വർഷത്തെ സംസ്ഥാനത്തിനനുവദിച്ച സബ്സിഡിയുടെ കണക്ക് പുറത്തുവിട്ടുകൊണ്ട് കേന്ദ്രസർക്കാർ പറയുന്നത്. 2016-17 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തത തേടിയുള്ള കേന്ദ്രത്തിന്റെ ചോദ്യങ്ങൾക്ക് കേരളം മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്രത്തിന്റെ രേഖ വ്യക്തമാക്കുന്നു. 2021 ഫെബ്രുവരി ഒന്നിന് കണക്കുകൾ സമർപ്പിക്കാനാവശ്യപ്പെട്ട് കേരളത്തിന് കത്തയച്ചെന്നും കേന്ദ്രം പറയുന്നു. മുഴുവൻ കുറ്റവും സംസ്ഥാനത്തിന്റേതാണെന്ന് കേന്ദ്രം ആവർത്തിക്കുന്നത്.
വ്യക്ത വരുത്തി കണക്കുകൾ സമർപ്പിച്ചാലും അംഗീകരിക്കുന്നില്ലെന്നാണ് കേരളത്തിന്റെ പരാതി. ഇത്തരത്തിൽ കഴിഞ്ഞ 6 വർഷത്തിനിടെ നൽകാനുള്ള ആകെ കുടിശ്ശിക 644.02 കോടി രൂപയാണെന്നാണ് സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്ക്. 637.6 കോടിയെന്നായിരുന്നു മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പണം തിരികെ കിട്ടാനായി ഓഡിറ്റിംഗ് നടപടികൾ വളരെ വേഗം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കൃത്യമായ കണക്ക് നൽകാതെ ജിഎസ് ടി വിഹിതം അനുവദിക്കില്ലെന്ന സമാന നിലപാടാണ് ഇവിടെയും കേന്ദ്രം ആവർത്തിക്കുന്നത്. തെലങ്കാന ഉൾപ്പടെ ബിജെപി ഇതര സർക്കാറുകൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും നെല്ല് സംഭരണത്തിൽ സെബ്സിഡി നല്കാതെ കേന്ദ്രം മനപൂർവം ദ്രോഹിക്കുകയാണെന്ന ആക്ഷേപം ഉയർത്തുന്നുണ്ട്.