തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ താഴെയിറക്കാൻ രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ ആഗ്രഹിച്ചുവെന്ന ദല്ലാൾ നന്ദകുമാറിൻ്റെ പരാമർശത്തിൽ പ്രതികരണത്തിനില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നത്തിനിടക്ക് നിസ്സാര കാര്യം പറയാൻ ഉദ്ദേശിക്കുന്നില്ല. ആരോപണങ്ങൾക്ക് മറുപടി പറയാനില്ല. ഞങ്ങൾ എന്താണെന്ന് ജനങ്ങൾക്കറിയാമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദല്ലാൾ നന്തകുമാറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂരിൻ്റെ വാർത്താസമ്മേളനം.
‘മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ദല്ലാൾ നന്ദകുമാർ വാർത്താസമ്മേളനത്തിൽ പറയുന്നു. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഞങ്ങൾക്കൊന്നും പറയാനില്ല. അവർ പറഞ്ഞു തീർക്കട്ടെ. ഇനിയും പറയാനുണ്ടെങ്കിൽ അത് പറഞ്ഞു തീർക്കട്ടെ’-തിരുവഞ്ചൂർ പറഞ്ഞു. ദല്ലാൾ നന്ദകുമാറിന്റെ യുഡിഎഫ് ആഭ്യന്തര മന്ത്രിമാർ ഇടപെട്ടു എന്ന പരാമർശത്തിൽ സംസാരിക്കാനില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ഏത് രൂപത്തിലാണ് നന്ദകുമാർ പറയുന്നതെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് പറയുമ്പോൾ പറഞ്ഞതായിരിക്കാം. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നത്തിന് ഇടക്ക് നിസ്സാര കാര്യം പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനെന്താണെന്ന് തനിക്കറിയാം, തന്നെ നാട്ടുകാർക്കും അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നു എന്ന ആരോപണത്തിനുളള തിരുവഞ്ചൂരിന്റെ മറുപടി. പാർട്ടി ശത്രുക്കൾക്ക് ആയുധം നൽകാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടി അച്ചടക്ക സമിതിയുടെ അധ്യക്ഷൻ അച്ചടക്കം ലംഘിക്കുന്നത് ശരിയല്ല. കെസി ജോസഫിനുള്ള മറുപടി പാർട്ടി വേദിയിൽ പറഞ്ഞിട്ടുണ്ട്. പാർട്ടി നടപടി അനിശ്ചിതമായി നീളുന്നെങ്കിൽ അപ്പോൾ പ്രതികരിക്കാം. കെസി ജോസഫ് പറഞ്ഞതിന്റെ ഗൗരവം കുറച്ച് കാണുന്നില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.