ദില്ലി: കനേഡിയൻ വ്യാപാര വകുപ്പ് മന്ത്രിയുടെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു. സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിർത്തിയതിന് പിന്നാലെയാണ് നടപടി. വ്യാപാര ചർച്ചകള്‍ക്കായി ഒക്ടോബറിലാണ് കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ് ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മോശമായതോടെ യാത്ര മാറ്റിവെക്കുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാനഡയുമായുള്ള സ്വാതന്ത്ര വ്യാപാര കരാറിന്‍മേലുള്ള ചർച്ചകള്‍ നിർത്തിവെച്ചതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള ചർച്ചകള്‍ മരവിപ്പിക്കുന്നതായി സെപ്റ്റംബർ ആദ്യ വാരം കാനഡ നിലപാട് എടുത്തതിന് പിന്നാലെയാണ് ഇന്ത്യയും നിലപാട് കടുപ്പിച്ചത്. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം മാത്രമേ ചർച്ചകള്‍ വീണ്ടും തുടങ്ങുവെന്നാണ് ഇന്ത്യൻ നിലപാട്.
ഖലിസ്ഥാൻ തീവ്രവാദം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ കാനഡ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ച് പോസ്റ്റർ ഇറങ്ങിയതോടെ കാനഡേയിന്‍ നയതന്ത്ര പ്രതിനിധികളെ വിളിച്ച് വരുത് ഇന്ത്യ പ്രതിഷേധം അറിയിച്ചു.കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോള്‍ നടത്തിയ ഹ്രസ്വ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടും രാജ്യത്തിന്‍റെ അതൃപ്തി വ്യക്തമാക്കി. ജി20 യോഗത്തില്‍ ട്രൂഡോക്ക് തണുപ്പൻ സ്വീകരണം ലഭിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വർധിപ്പിച്ചിട്ടുണ്ട്.
വ്യാപാര കണക്കുകളില്‍ ഇന്ത്യയുടെ പത്താമത്തെ ഏറ്റവും വലിയ പങ്കാളിയാണ് കാനഡ. 4.10 ബില്യണ്‍ യുഎസ് ഡോളറിന്‍റെ കയറ്റുമതിയാണ് കാനഡയിലേക്ക് ഇന്ത്യ നടത്തുന്നത്. 4.05 ബില്യണ്‍ ഡോളറിന്‍റെ ഇറക്കുമതിയും നടക്കുന്നുണ്ട് . കനേഡിയൻ പെൻഷൻ ഫണ്ട് 55 ബില്യണ്‍ ഡോളറോളം നിക്ഷേപവും ഇന്ത്യയില്‍ നടത്തിയിട്ടുണ്ട് . ആറുനൂറോളം കനേഡിയന്‍ കന്പനകളും ഇന്ത്യയില്‍ പ്രവർത്തിക്കുന്നുണ്ട്.