തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തില്‍ പയ്യന്നൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിക്കെതിരെ നടപടി വേണമെന്ന് ശിവഗിരി മഠം. മേല്‍ശാന്തിയെ വൈദികവൃത്തിയില്‍ നിന്നും പിരിച്ചുവിടണമെന്ന് ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മന്ത്രിക്കെതിരായ ജാതി വിവേചനം കേരളത്തിന് അപമാനമാണെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
കേരളത്തിന്റെ മന്ത്രി രാധാകൃഷ്ണന് മലബാറിലെ ക്ഷേത്രത്തില്‍ നിന്നും അയിത്തതിന്റെ പേരിലുള്ള തിക്താനുഭവം ഉണ്ടായിരിക്കുകയാണ്. ശ്രീനാരായണ ഗുരുവിന്റെ രാജ്യമെന്ന് അറിയപ്പെടുന്ന കേരളത്തിന് അപമാനകരമായ ഒന്നാണെന്ന് പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. പയ്യന്നൂരിലുള്ള ക്ഷേത്രത്തില്‍ മന്ത്രി ഒരു ചടങ്ങിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു. തന്ത്രി നിലവിളക്ക് കൊളുത്തുന്നതിനായി ദീപവുമായി വേദിയിലെത്തി. അദ്ദേഹം തന്നെ ദീപം തെളിയിച്ച ശേഷം അസിസ്റ്റന്റിന് കൊടുത്തു. അദ്ദേഹം തെളിയിച്ച ശേഷം ദീപം നിലത്ത് വെക്കുകയായിരുന്നു. മന്ത്രിയോട് എടുത്ത് കത്തിക്കാന്‍ പറഞ്ഞു. അദ്ദേഹം അത് ചെയ്തില്ല. ഞാന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയാണ്. ഞാന്‍ തരുന്ന പണത്തിന് നിങ്ങള്‍ക്ക് അയിത്തമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ചില ശക്തികളുടെ നീക്കം ഈ രാജ്യത്ത് നടക്കുകയാണ്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ആറ് മാസങ്ങള്‍ക്ക് മുമ്പാണിത്. അനുഭവം ഉണ്ടായ അന്ന് തന്നെ പ്രതിഷേധം രേഖപ്പെടുത്തുകയും കേരളത്തിന്റെ ജനത അന്ന് തന്നെ പ്രതിഷേധിക്കുകയും വേണമായിരുന്നു. കേരളത്തെ അപമാനിച്ച തന്ത്രിയെ പിരിച്ചുവിടണം. അതിനുള്ള നടപടി സ്വീകരിക്കണം. ഇനിയും ഇങ്ങനെ തുടരുന്നത് മാറി മാറി വരുന്ന സര്‍ക്കാരിന്റെ മൃദു സമീപനമാണ്. അങ്ങനെ പോരെ. ശക്തമായ നിലപാട് എടുത്ത്‌പോകണം.’ എന്നായിരുന്നു സ്വാമി സച്ചിദാനന്ദയുടെ വാക്കുകള്‍.