വയനാട് മുട്ടിൽ മരം മുറിക്കേസിൽ കർഷകർക്ക് പിഴ ചുമത്തിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കട്ടവനും കൊണ്ട് പോയവനെതിരെയും കർശന നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം. മൂന്നാർ ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ ജെസിബിയെയും കരിമ്പൂച്ചയേയും സ്വപ്‌നം കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം സിപിഐഎം ജില്ലാ നേതൃത്വത്തിന് മറുപടി നൽകി.
ഭൂസംരക്ഷണ നിയമപ്രകാരം തഹസിൽദാർ എടുത്ത നടപടിയാണ് വയനാട്ടിൽ നടന്നത്. കർഷകർ കബളിപ്പിക്കപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞതാണ്. റവന്യൂ ഉദ്യോഗസ്ഥർ ചില ജുഡീഷ്യൽ നടപടികൾ നടത്താറുണ്ട്. അത്തരത്തിലൊരു നടപടിയാണ് വയനാട്ടിൽ ഉണ്ടായത്. അത് പുനഃപരിശോധിക്കാനുള്ള അധികാരം ആ നിയമത്തിൽ തന്നെയുണ്ടെന്നും മന്ത്രി പറഞ്ഞു.
നേരത്തെ തഹസിൽദാർ സ്വീകരിച്ച നടപടിയിൽ കളക്ടർക്ക് ഉൾപ്പെടെ തീരുമാനമെടുക്കാം. കർഷകരുടെ പരാതിയിൽ അപേക്ഷ ലഭിച്ചാലുടൻ കളക്ടർ പരിശോധിക്കും. അവിടെ പരിഹാരമായില്ലെങ്കിൽ സർക്കാർ ഇടപെടും. മന്ത്രിക്ക് ലഭിച്ച പരാതികളും കളക്ടർക്ക് കൈമാറി. കർഷകരെ ദ്രോഹിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആദിവാസികളെയോ കർഷകരെയോ ഒറ്റപ്പെടുത്താനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കട്ടവനെയും കൊണ്ടുപോയവനെയും പിടിക്കും. പൊലീസ് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേത്തു. അതേസമയം എം.എം മണിയുടെ പ്രസ്താവനയ്ക്കും മന്ത്രി കെ രാജൻമറുപടി നൽകി. ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ കരിമ്പൂച്ചയെയും ജെസിബിയെയും മനസിൽ കാണണ്ട. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഇടുക്കിയിൽ ഉത്തരവ് നടപ്പാക്കുന്നത്. റവന്യൂ വകുപ്പിന്റെ മാത്രം നടപടിയല്ല ഇടുക്കിയിലേതെന്നും മന്ത്രി.