കോഴിക്കോട്: സിപിഎമ്മിനൊപ്പം പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ച കോണ്‍ഗ്രസ് സഹകാരികള്‍ക്കെതിരെ നടപടിക്കൊരുങ്ങി നേതൃത്വം. കര്‍ശന നടപടിക്ക് കെപിസിസി നിര്‍ദേശം നൽകി. പരിപാടിയിൽ പങ്കെടുത്ത നേതാക്കള്‍ക്ക് ഉടന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സഹകരണ മേഖലയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടലിനെതിരെ ഇന്നലെയാണ് കോഴിക്കോട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് പി സി പ്രശാന്ത് കുമാറായിരുന്നു അധ്യക്ഷന്‍.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ അന്വേഷണം മറ്റ് പല ബാങ്കുകളിലേക്കും നീങ്ങിയിരുന്നു. കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിച്ച് സഹകരണ ബാങ്കുകളെ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് ഇതിനെതിരെ ഉയരുന്ന ആരോപണം. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചത്.
സഹകാരികളെ സംഘടിപ്പിച്ച്, മുൻ എംപി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ തൃശൂരിൽ ബിജെപി സഹകാരി സംരക്ഷണ പദയാത്ര നടത്തിയിരുന്നു. സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ കളമൊരുക്കാനാണ് കരുവന്നൂരിൽ ഇഡി ഇടപെടലെന്ന ആരോപണം സിപിഐഎം ഉന്നയിച്ചിരുന്നു