Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'വൈദ്യുതകരാര്‍ റദ്ദാക്കിയതിന് പിന്നില്‍ അഴിമതി,ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല'

‘വൈദ്യുതകരാര്‍ റദ്ദാക്കിയതിന് പിന്നില്‍ അഴിമതി,ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല’

തിരുവനന്തപുരം:യു.ഡി.എഫ് സര്‍ക്കാരിന്‍റെ  കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു . പാര്‍ട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ്  അഴിമതി നടത്താന്‍ സര്‍ക്കാരിന് ഒത്താശ ചെയ്തത്. വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്നും സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി അഞ്ച് മാസത്തിനുശേഷം അത് പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. കരാര്‍ റദാക്കിയതിലും അതിനുശേഷം നടന്ന ഇടപാടുകളിലും സര്‍ക്കാരിനുള്ള പങ്ക്  അന്വേഷിക്കണം. കരാര്‍ റദാക്കിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിക്കുണ്ടായ ബാധ്യത സര്‍ ചാര്‍ജായി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ എന്ത് വിലകൊടുത്തും ചെറുക്കും.

2022 വരെ വൈദ്യുതി ബോര്‍ഡിന്‍റെ  സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിലും ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ മേനി പറയുന്ന ‘ലോഡ്‌ഷെഡിങ് രഹിത കേരളം’ നടപ്പാക്കുന്നതിലും യുഡിഎഫ്  കാലത്തെ വൈദ്യുതക്കരാര്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കാരാര്‍ അനധികൃതമായിരുന്നെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷവും ഈ കരാറിന്‍റെ  ഭാഗമായി കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങി മേനി നടിച്ചത് എന്തിനായിരുന്നു? 2023 മെയ് 10 ന് കരാര്‍ റദാക്കിയ ശേഷം ദിവസേന മൂന്ന് മുതല്‍ എട്ട് കോടി രൂപ വരെ ചെലവാഴിച്ചാണ് അഞ്ചു മാസമായി വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ കെ.എസ്.ഇ.ബിക്ക് കുറഞ്ഞത് 750 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. 

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് 465 മെഗാ വാട്ട് വൈദ്യുതി 25 വര്‍ഷത്തേക്ക് വാങ്ങാനാണ് ജിണ്ടാല്‍ ഇന്‍ഡ്യാ പവര്‍, ജിണ്ടാല്‍ ഇന്‍ഡ്യാ തെര്‍മല്‍ പവര്‍, ജാബുവ പവര്‍ എന്നീ കമ്പനികളുമായി കരാറുണ്ടാക്കിയത്. അന്നത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് (4 രൂപ 29 പൈസ) കരാറുറപ്പിച്ചത്. നിസാര സാങ്കേതികത്വം പറഞ്ഞാണ് ഈ കരാര്‍ റദ്ദാക്കിയത്. അതേസമയം ബോര്‍ഡ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹ്രസ്വകാല കരാറിലെ വൈദ്യുതി വില യൂണിറ്റിന് ശരാശരി 5.50 രൂപ മുതല്‍ 6.88 രൂപ വരെയാണ്. നേരത്തെ 4.29 പൈസക്ക് 25 വര്‍ഷത്തേക്ക് കരാറനുസരിച്ച് വൈദ്യുതി നല്‍കാന്‍ ബാധ്യസ്ഥമായിരുന്ന ജിണ്ടാല്‍ പവര്‍ 5.42 മുതല്‍ 5.46 രൂപ വരെയാണ് കോട്ട് ചെയ്തത്. 

വൈദ്യുതി ആവശ്യകതയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഡാമില്‍ വെള്ളം കുറഞ്ഞതു കൊണ്ടാണ് വൈദ്യുതി പ്രതിസന്ധിയെന്നും നിരക്കു വര്‍ധന വേണമെന്നുമുള്ള പ്രചരണം അഴിമതിയും ഭരണപരാജയവും മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്‍റെ  ഭാഗം മാത്രമാമെണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments