Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ജനങ്ങള്‍ ദുരിതത്തില്‍; നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം...

‘ജനങ്ങള്‍ ദുരിതത്തില്‍; നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്ത് ‘ കെ സുധാകരന്‍

ജനങ്ങള്‍ അതീവ ദുരിതത്തില്‍ കഴിയുമ്പോള്‍ നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്താണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാരും പാര്‍ട്ടിക്കാരും ഒറ്റക്കെട്ടായിട്ടാണ് ജനത്തെ പിഴിഞ്ഞെടുക്കുന്നത്. സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

140 നിയോജകമണ്ഡലങ്ങളിലും തകൃതിയായ പിരിവാണ് നടക്കുന്നത്. ഗ്രാമീണ മണ്ഡലത്തില്‍ നിന്ന് 25 ലക്ഷവും നഗരമണ്ഡലത്തില്‍ നിന്ന് 30 ലക്ഷവുമാണ് ലക്ഷ്യം. സിപിഐഎം നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം ഇപ്പോള്‍ പിരിവിനു പിന്നാലെ ഭ്രാന്തമായി പായുകയാണ്. പിരിവിന് രസീതില്ലാത്തതിനാല്‍ ആര്‍ക്കും എന്തുമാകാമെന്നതാണ് അവസ്ഥ. ആളുകളുടെ കുത്തിനു പിടിച്ചും ഭീഷണിപ്പെടുത്തിയുമാണ് പലയിടത്തും പിരിവ് നടക്കുന്നതെന്നും സുധാകരന്‍.

നവകേരള സദസിന് 5000 പേരെയും 250 പൗരപ്രമുഖരേയും സംഘടപ്പിക്കണമെന്നാണ് നിര്‍ദേശം. അവര്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്‌ഘോഷിക്കുന്ന സര്‍ക്കാരിന്റെ നേട്ടങ്ങളെല്ലാം വയറുനിറയെ കേള്‍ക്കാം എന്നതാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. തിരിച്ചു ചോദ്യങ്ങളോ സംവാദങ്ങളോ പാടില്ലെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. നവംബർ 18 മുതല്‍ ഡിസംബർ 24 വരെ രണ്ടു മാസത്തോളം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും സ്തംഭിക്കും. ഇതിനിടെ ശബരിമല സീസണും ക്രിസ്മസ് സീസണുമൊക്കെ വരുന്നത് സര്‍ക്കാരിന് പ്രശ്‌നമേയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കമെന്ന ഉള്‍വിളി ഉണ്ടായത്. പര്യടനത്തിന് കെഎസ്ആര്‍ടിസുടെ ബസ് കാരവന്‍ മോഡലില്‍ തയാറാക്കി വരുന്നു. അപ്പോഴും 40 അകമ്പടി വാഹനങ്ങള്‍ നിര്‍ബന്ധം. കളമശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇതില്‍ കൂടിയാലും അത്ഭുതപ്പെടേണ്ടതില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയെ തടയുകയും അധിക്ഷേപിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ വികൃതമായ ജനസമ്പര്‍ക്ക പരിപാടിയുമായി രംഗത്തുവരുന്നതെന്നും സുധാകരൻ പറഞ്ഞു.

നവകേരള സദസ് ആര്‍ക്കുവേണ്ടിയെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ ഉന്നയിച്ച അതേ ചോദ്യമാണ് ഇപ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നത്. വിറ്റ നെല്ലിന്റെ പണം കിട്ടാത്ത കര്‍ഷകര്‍, ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍, ഉച്ചക്കഞ്ഞി കൊടുക്കാന്‍ പിരിച്ചുമടുത്ത പ്രധാനാധ്യാപകര്‍, നിക്ഷേപിച്ച പണം ലഭിക്കാതെ ആത്മഹത്യാമുനമ്പില്‍ നില്ക്കുന്ന സഹകരണസംഘം നിക്ഷേപകര്‍. എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ വലിയ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇവരുടെ ഏതു പ്രശ്നമണ് നവകേരള സദസിലൂടെ മുഖ്യമന്ത്രി പരിഹരിക്കുന്നതെന്ന് സുധാകരന്‍ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments