കൊല്ലം: രാജ്യത്ത് ഒരു സംസ്ഥാനത്തും ഇല്ലാത്ത അപകട സാഹചര്യം ആണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. തീവ്രവാദ സംഘടനകൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും കേരളത്തിൽ നിയമ വിധേയകമാകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ തീവ്രവാദ വിരുദ്ധ സേന നിഷ്ക്രിയമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഭാരതത്തിലെ ഒരു സംസ്ഥാനമാണെന്നും പ്രത്യേക രാജ്യമല്ലെന്നും മുഖ്യമന്ത്രി മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.
ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിയമവിരുദ്ധമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടാൽ കേരള പോലീസ് അവരുടെ വീട്ടിൽ എത്തുന്ന സ്ഥിതിയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് രാജീവ് ചന്ദ്രശേഖറിനെതിരായ കേസ്. നിരവധി ബിജെപി പ്രവർത്തകർക്കെതിരെയും കേസ് എടുക്കുകയാണ്. മലപ്പുറത്ത് ജമാഅത്ത് ഇസ്ലാമി, ഹിന്ദുക്കൾക്കെതിരെ നടത്തിയ സമ്മേളനത്തിൽ ( അപ്രൂട്ട് ഹിന്ദു ) ഹമാസ് നേതാവ് പങ്കെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ആ സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. രാജീവ് ചന്ദ്രശേഖറിനെതിരെ മാത്രമാണ് കേസെടുത്തത്. ഹിന്ദുക്കളെ തകർക്കുകയെന്ന ജമാഅത്ത് മുദ്രവാക്യത്തെ മുഖ്യമന്ത്രി എതിർക്കുന്നില്ല. രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടത് കോൺഗ്രസാണെന്ന് പറഞ്ഞ അദ്ദേഹം ഗാസ കഴിഞ്ഞാൽ ഹമാസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്നും വിമർശിച്ചു.
മുഖ്യമന്ത്രിയും ഹമാസും ചങ്ങാതിമാരാണെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസും സിപിഎമ്മും മതേതര വിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കേരളത്തിൽ തീവ്രവാദ വിരുദ്ധ സേനയിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഓഫീസിൽ പോലും ഉദ്യോഗസ്ഥരില്ല. സേനയ്ക്ക് വാഹനം പോലുമില്ല. എല്ലാ വാഹനങ്ങളും കട്ടപ്പുറത്താണ്. രാജീവ് ചന്ദ്രശേഖർ ഒരു മതത്തിനുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേരളം ഭാരതത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും കേരളം പ്രത്യേക രാജ്യം ആണെന്ന് മുഖ്യമന്ത്രി വിചാരിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.