ഒരു വിഭാഗത്തെ കുറിച്ച് സംസാരിക്കുന്നവർക്കെതിരെ കേസെടുക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്ത്. കേരളത്തിൽ മത ഭീകര വാദികൾക്കെതിരെ കേസെടുക്കാത്ത പിണറായി സർക്കാർ ഒരു വിഭാഗത്തെ കുറിച്ച് പറയുന്നവരെ ആക്രമിക്കുകയാണ്. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് സർക്കാരിന്റെ തന്ത്രം. ഇതേ നിലപാട് തന്നെയാണ് കേരളത്തിലെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
ജി എസ് ടി വിഷയത്തിൽ കെ എൻ ബാലഗോപാലിന്റെ വാദം പച്ചക്കള്ളമാണെന്നും കൃത്യമായ കണക്ക് തന്റെ പക്കലുണ്ടെന്നും കെ സുരേന്ദ്രൻ അവകാശപ്പെട്ടു. 70,000 കോടി രൂപ വൻകിടക്കാരിൽ നിന്ന് നികുതി കുടിശിക ലഭിക്കാനുണ്ട്. ഇത് എന്ത് കൊണ്ട് പിരിച്ചെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെയും കേസെടുത്തിരുന്നു. ഇതിനെതിരെയാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്.
കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആദ്യമായി ഇത് ഒരു ഭീകരപ്രവർത്തനമാണെന്നും കേരളം ഇതിനെ സപ്പോർട്ട് ചെയ്യുകയാണെന്നും പ്രതികരിച്ചയാളാണ് രാജീവ് ചന്ദ്രശേഖർ. അതുകൊണ്ട് തന്നെ വലിയ ഗൗരവത്തോടു കൂടിയാണ് പൊലീസ് ഇതിനെ കാണുന്നത്. കൃത്യമായ നിയമോപദേശത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.