തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള യാത്രയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യയാത്രയാണ് നവകേരള യാത്ര. അതിന്റെ കാലനായി പിണറായി മാറിയിരിക്കുന്നു. സാധാരണ കെ എസ് ആർ ടി സി ബസ് ആണ് പ്രമുഖർ അന്ത്യയാത്രയ്ക്കായി ഉപയോഗിക്കുന്നത് എന്നായിരുന്നു കെ സുരേന്ദ്രൻ്റെ രൂക്ഷപ്രതികരണം.
നെല്‍കര്‍ഷകര്‍ക്ക് വിറ്റനെല്ലിന്റെ കുടിശ്ശിക കൊടുക്കാനുണ്ട്, എന്തുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം മുടങ്ങിയത്. എന്തുകൊണ്ടാണ് ഉച്ചക്കഞ്ഞി മുടങ്ങുന്നത്. എന്തുകൊണ്ടാണ് അംഗന്‍വാടികളിലെ പോഷന്‍ അഭിയാന്‍ മുടങ്ങുന്നത്. ലൈഫ് മിഷനില്‍ വീടുകള്‍ക്ക് അപേക്ഷ കൊടുത്തവരെ കാണാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ. ഇതുപോലുള്ള നൂറ് നൂറ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന യാത്ര ഒരു പ്രഹസനമാണ്. കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. വലിയ പിരിവും നടത്തുന്നുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലും 3-4 കോടി വരെ പിരിക്കാനുള്ള ലക്ഷ്യമാണ് കൊടുത്തിരിക്കുന്നത്. ഇതിന്റെ മറവില്‍ തിരഞ്ഞെടുപ്പിന് കാശ് പിരിക്കാനുള്ള ഉദ്ദേശമാണ്. ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് പിരിവെടുക്കുന്ന സമ്പ്രദായമാണ് കാണുന്നത്. ഏത് നിലയ്ക്ക് നോക്കിയാലും നവകേരള യാത്ര ഒരുപാഴ് യാത്രയാണ്. ജനങ്ങൾക്ക് ദുരിതം മാത്രമാണ് ഈ യാത്ര കൊണ്ട് ഉണ്ടാകാൻ പോകുന്നത്. അതുകൊണ്ട് യാത്രയിൽ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇപി ജയരാജനെതിരെയും സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. ഇപി ജയരാജൻ തലയിൽ ആൾ താമസം ഇല്ലാത്ത ആളാണെന്നും പക്ഷെ തലയിൽ ‘ഉണ്ട’താമസം ഉണ്ടെന്നുമായിരുന്നു സുരേന്ദ്രൻ്റെ വിമർശനം. എൻജിഒ യൂണിയനും കെഎസ്ടിഎയും രാജ്യദ്രോഹികളാണ്. അവർക്ക് ക്ഷാമ ബത്ത കിട്ടരുതെന്നും അവർ അനുഭവിക്കണം എന്നും കെ സുരേന്ദ്രൻ പറഞ്ഞു. മുഹമ്മദ് റിയാസ് എത്ര ഹമാസ് തീവ്രവാദികളെ കൊണ്ട് വന്നു പലസ്തീൻ ഐക്യദാർഢ്യം നടത്തിയാലും കേരളത്തിലെ മുഖ്യമന്ത്രി ആകാൻ കഴിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.