കോഴിക്കോട്: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎൽഎയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യം അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇവർ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. പരാതി കിട്ടിയിട്ടും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നടപടി എടുത്തില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ബംഗലൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലീം ലീഗ് എംഎൽഎ അംഗമായതോടെ ഇന്ത്യ മുന്നണി കേരളത്തിൽ യഥാർത്ഥ്യമായെന്ന് സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗ് കേരളത്തിൽ എൽഡിഎഫിനൊപ്പം പോകാൻ തയ്യാറായിക്കഴിഞ്ഞു. വരണമാല്യം ഒരുങ്ങിക്കഴിഞ്ഞെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ ഇനി മാലചാർത്തിയാൽ മതിയെന്നും പരിഹസിച്ചു.