Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'നാടിന്‍റെ നന്മയ്ക്കായി സര്‍ക്കാരിനൊപ്പം ചേരേണ്ട പ്രതിപക്ഷം ജനകീയതയെ തകര്‍ക്കാൻ ശ്രമിക്കുന്നു’; മുഖ്യമന്ത്രി

‘നാടിന്‍റെ നന്മയ്ക്കായി സര്‍ക്കാരിനൊപ്പം ചേരേണ്ട പ്രതിപക്ഷം ജനകീയതയെ തകര്‍ക്കാൻ ശ്രമിക്കുന്നു’; മുഖ്യമന്ത്രി

ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് നവകേരള സദസ് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പുരോഗതിയ്‌ക്കൊപ്പം ‘ഞങ്ങളുമുണ്ട്’ എന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നാടിന്റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സ്വാഭാവികമായി പിന്തുണ നല്‍കേണ്ടവരാണ് പ്രതിപക്ഷം. ഇങ്ങനെ ഒരു അവസരം വന്നത് നന്നായിയെന്നും സര്‍ക്കാരിന്റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമാക്കി ഉപയോഗിക്കാമെന്നുമുള്ള ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷം നീങ്ങി കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കാസർകോട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്:

നമ്മുടെ നാടിന്‍റെ മഹത്തായ ജനാധിപത്യ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് ഇന്നലെ പൈവളിഗെയില്‍ തുടക്കം കുറിച്ചത്. നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്‍റെ വടക്കേയറ്റത്ത് ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്ന ജനസഞ്ചയം വരും നാളുകളില്‍ കേരളം എങ്ങനെയാണ് പ്രതികരിക്കുക എന്നതിന്‍റെ വ്യക്തമായ സൂചനയാണ്. ജീവിതത്തിന്‍റെ നാനാ തുറകളിലുമുള്ള ജനങ്ങള്‍ ഒരേ മനസ്സോടെ ഒന്നുചേരുകയാണുണ്ടായത്. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സര്‍ക്കാരിനൊപ്പം ഞങ്ങൾ ഉണ്ട് എന്ന പ്രഖ്യാപനത്തിന്‍റെ ആവര്‍ത്തനം കൂടിയാണ് ഇന്നലെ നടന്ന ഉദ്ഘാടന പരിപാടി.

കേരളം കൈവരിച്ച സമഗ്രവികസനത്തിന്‍റേയും സര്‍വ്വതലസ്പര്‍ശിയായ സാമൂഹ്യപുരോഗതിയുടേയും മുന്നേറ്റം കൂടുതല്‍ ഊര്‍ജ്ജിതമായി കൊണ്ടുപോകാനുള്ള ഉറച്ച പിന്തുണയാണ് ഇത്. നമ്മുടെ നാട് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഫെഡറല്‍ ഘടനയെ തന്നെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുടെ ഭാഗമായി ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്. നാടിന്‍റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം സ്വാഭാവികമായും ചേരേണ്ട പ്രതിപക്ഷം സര്‍ക്കാരിന്‍റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമായി ദുഷ്ടലാക്കോടെയാണ് അതു കാണുന്നത്. ഒരു വലിയ വിഭാഗം മാധ്യമങ്ങളും ദൗർഭാഗ്യവശാൽ അവര്‍ക്കൊപ്പം ചേര്‍ന്നു ജനങ്ങളില്‍ നിന്നും നിജസ്ഥിതി മറച്ചു വയ്ക്കുകയാണ്. അങ്ങനെ മറച്ചുവെക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന്‍റെ സമഗ്രത ഉറപ്പാക്കാനുമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്.

നാടിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചാ വിഷയമല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നവരെ തിരുത്താന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ ബദല്‍ മാര്‍ഗങ്ങളും സ്വീകരിക്കലെ വഴിയുള്ളു. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നത് ജനാധിപത്യ സര്‍ക്കാരിന്‍റെ കടമയാണ്. ആ കടമ നിറവേറ്റുകയണ് നവകേരള സദസ്സിന്‍റെ ധര്‍മ്മം. വരും ദിവസങ്ങളില്‍ യാത്രയുടെ ഭാഗമായി അത് കൂടുതല്‍ വ്യക്തമാകും

ഇന്നലെ 1908 പരാതികളാണ് ഉദ്ഘാടന വേദിക്കരികെ സജ്ജീകരിച്ച ഡെസ്കില്‍ ലഭിച്ചത്. ഇവ വേര്‍തിരിച്ച് പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ഉദ്ഘാടന സദസ്സില്‍ പങ്കെടുത്ത ജനങ്ങളുടെ വൈവിധ്യം സൂചിപ്പിച്ചുവല്ലോ. അതില്‍ സ്ത്രീകളുടെ സാന്നിധ്യം അതിവിപുലമാണ്. സ്ത്രീ സംരക്ഷണത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനം കൂടിയാണത്.

ആലുവയില്‍ അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിക്ക് നീതിപീഠം പരമാവധി ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷനും പോലീസും അക്ഷീണമായ പ്രവര്‍ത്തനമാണ് നടത്തിയത്. കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇടപെട്ടത്. പ്രതിക്ക് വധശിക്ഷക്ക് ഒപ്പം അഞ്ച് ജീവപര്യന്തവും വിവിധ വകുപ്പുകള്‍ പ്രകാരം 49 വര്‍ഷം കഠിന തടവും 7.2 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്യത്ത് തന്നെ സമീപകാല ചരിത്രത്തിൽ ഇത്ര ശക്തവും, പഴുതടച്ചതുമായ ശിക്ഷാ വിധി ഉണ്ടായിട്ടില്ല എന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികളാണ് സർക്കാർ അധികാരമേറ്റെടുത്തതുമുതല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്‍റെ അനേകം ഉദാഹരണങ്ങള്‍ നിരത്താനാകും. സര്‍ക്കാരിന്‍റെ ഈ സമീപനത്തിലുള്ള വിശ്വാസമാണ് പൈവെളിഗെയിലെ അസാധാരണമായ വനിതാ പ്രാതിനിധ്യത്തിലൂടെ വ്യക്തമായത്. ഇന്നലെ കാസര്‍ഗോട്ട് നിന്ന് പൈവെളിഗെയിലേക്ക് പോകും വഴി ഇടയ്ക്ക് ഞങ്ങള്‍ വാഹനം നിര്‍ത്തി ഇറങ്ങിയിരുന്നു. സാങ്കേതികത്തകരാര്‍, മന്ത്രിമാരുടെ വാഹനം പാതിവഴിയില്‍ നിലച്ചുപോയി എന്നാണ് നിങ്ങളില്‍ ചിലര്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് പിന്നീട് അറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com