കൽപറ്റ: കാസർകോട്, കണ്ണൂർ ജില്ലകളിൽ നവകേരള സദസ് ചരിത്രം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കണ്ട ഏറ്റവും വലിയ ബഹുജന സംവാദ പരിപാടിയായി നവകേരള സദസ് ചരിത്രം കുറിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് എംഎൽഎമാർ ബഹിഷ്കരിച്ചെങ്കിലും ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് കിട്ടുന്നത്. പ്രതിപക്ഷ പ്രതികരണം മനോവിഭ്രാന്തി പിടിപെട്ടത് പോലെയാണെന്നും അവരുടെ ആഹ്വാനം ജനങ്ങൾ തള്ളിക്കളയുമ്പോൾ ഉണ്ടാകുന്ന മനോനില ആണിതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഇരിക്കുന്ന പദവിക്ക് നിരക്കാത്ത പ്രതികരണമാണ് പ്രതിപക്ഷ നേതാവിൽ നിന്ന് ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ ഭാഷ തന്നെ മാറിയല്ലോ. എന്തും വിളിച്ചു പറയുകയാണ്. അസാധാരണമായ ജനക്കൂട്ടം വരുന്നതിൽ നല്ല നിലയിൽ പ്രയാസം ഉണ്ടാകും, സ്വാഭാവികം. ജനപങ്കാളിത്തം കണ്ട് എന്തും വിളിച്ചു പറയുകയും അപഹസിക്കുകയും ചെയ്യുന്നത് ഗുണകരമല്ല. ഇതൊന്നും ജനം കണക്കിലെടുക്കുന്നില്ല. പരാതി പരിഹാരം സംബന്ധിച്ച് പറയുന്നത് തെറ്റാണ്. സ്വയം പറയുന്നതാണോ അതോ പുതിയ ഉപദേശകർ പറയുന്നതാണോ എന്നറിയില്ല. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തത്തോട പ്രതികരിക്കണം’, മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ ആകെ 42862 പരാതികളാണ് ലഭിച്ചത്. പരാതികൾ കൈകാര്യം ചെയ്യുന്നത് സർക്കാരിന്റെ തുടർ പ്രക്രിയയാണ്. പരാതി പരിഹാര സെല്ലിൽ ഇതുവരെ ലഭിച്ച പരാതികളിൽ 99.2% തീർപ്പാക്കിഎന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗം ചേർന്നതോടെ ഭരണ സ്തംഭനം എന്ന ആക്ഷേപം പൊളിഞ്ഞുവെന്നും സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നു എന്ന വിമർശനം കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന് പണം അനുവദിച്ച പറവൂർ നഗരസഭക്ക് അഭിനന്ദനമെന്നും ഇതിൽ പ്രതിപക്ഷ നേതാവിന് വിഷമം കാണുമെന്നും പറഞ്ഞ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് നടത്തിയത് രാജ്യ വിരുദ്ധ നടപടിയാണ്. വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാനം അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവിന്റെ തന്തയില്ലായ്മ പരാമർശത്തിന് താൻ നല്ല തന്തക്ക് പിറന്നവനായത് കൊണ്ട് തനിക്കത് പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഡിവൈഎഫ്ഐക്കാർ ചെയ്തത് ജീവൻ രക്ഷിക്കൽ തന്നെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവൻ രക്ഷിച്ചത് കൊണ്ടാണ് അതൊക്കെ ഉണ്ടായതെന്നും രക്ഷിച്ചില്ലെങ്കിൽ അവർ വണ്ടി തട്ടി മരിക്കുമായിരുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.