കൊച്ചി: നവകേരള സദസ്സിൽ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവർ പോയിക്കാണും. ലോക്കൽ നേതാക്കളാണ് ഇതുവരെ പങ്കെടുത്തത്. ഇതിൽ പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ് അത് ലംഘിച്ചാൽ നടപടിയെടുക്കും. നവകേരള സദസ് നടക്കുന്ന ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി കരുതൽ തടങ്കലിലെടുക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നുവെന്നും സി പി എം പ്രവർത്തകരും പോലീസും നിയമം കൈയ്യിലെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ജോയൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കഴുത്ത് ഞ്ഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയിൽ കറുത്തവർഗക്കാരനെ പോലീസ് ശ്വാസം മുട്ടിച്ച് കൊന്നിരുന്നു. അമേരിക്കയിൽ നിന്നും കോഴിക്കോടേക്ക് വലിയ ദൂരമില്ലന്ന് കാണിക്കുന്നതാണത്. മുഖ്യമന്ത്രിയുടെ വാഹനത്തിനാപ്പം പോകുന്നവർ മാരകായുധങ്ങളുമായാണ് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രി രാജാവല്ല. രാജാവിനെക്കാൾ വലിയ രാജഭക്തി ചിലർ കാണിക്കുന്നു. കറുപ്പ് കണ്ടാൽ കരുതൽ തടങ്കലിലാക്കുകയാണ്. ശബരിമലക്ക് പോകുന്ന അയ്യപ്പൻമാർ സൂക്ഷിക്കണമെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.