മധ്യപ്രദേശിൽ കോൺഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്നുവെന്ന് രമേശ് ചെന്നിത്തല 24നോട്. മധ്യപ്രദേശിൽ എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും മനസിലാവുന്നില്ല. മധ്യപ്രദേശ് ട്രഡിഷണലി ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനമാണ്. ഛത്തിസ്ഗഢ് ഏരിയയിലെ സീറ്റുകൾ കൊണ്ടാണ് മധ്യപ്രദേശിൽ വിജയിച്ചുകൊണ്ടിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തവണ കോൺഗ്രസ് ജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു അതനുസരിച്ചാണ് നമ്മൾ കാര്യങ്ങൾ നീക്കിയത്. എന്ത് സംഭവിച്ചുവെന്നത് വിശദമായി പരിശോധിക്കും. മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്ത് വേണമെന്ന് ഞങ്ങൾ ആലോചിക്കുകയാണ്. കൗണ്ടിംഗ് അവസാനിച്ചിട്ടില്ല. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ‘ഇന്ത്യ’ മുന്നണി യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ.ഡിസംബർ ആറിനാണ് യോഗം വിളിച്ചിരിക്കുന്നത്.ഡൽഹിയിലാണ് ‘ഇന്ത്യ’ മുന്നണി യോഗം ചേരുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും. വൈകീട്ട് പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് എത്തിയാണ് അഭിസംബോധന ചെയ്യുക.
അതേസമയം, വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും വ്യക്തമായ ലീഡ് നേടി ബി.ജെ.പി. മധ്യപ്രദേശിൽ 150 ലധികം സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് പോരാടുന്നത് 70 സീറ്റുകളിലും. ഇതോടെ മധ്യപ്രദേശിൽ ബി.ജെ.പി തുടർഭരണം ഉറപ്പായി.