തിരുവനന്തപുരം: ലൈഫ് അടക്കം ഭവന നിര്‍മ്മാണ പദ്ധതികൾ വഴി നൽകുന്ന വീടുകൾക്ക് ബ്രാന്‍റിംഗ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേരളം. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകൾക്ക് പ്രത്യേകം ലോഗോ വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. ബ്രാന്‍റിംഗ് നൽകുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം. എല്ലാ ഭവന നിര്‍മ്മണ പദ്ധതികളും ഒരൊറ്റക്കുടക്കീഴിലാക്കിയാണ് സംസ്ഥാന സര്‍ക്കാർ ലൈഫ് മിഷൻ എന്ന ഒറ്റ പദ്ധതി ആവിഷ്കരിച്ചത്.
പ്രധാനമന്ത്രി ആവാസ് യോജന വഴി നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വീട് വയ്ക്കാൻ നൽകുന്ന പദ്ധതിയും ഇതിൽപ്പെടും. കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത് 72000 രൂപയാണ്. ബാക്കി തുക കൂടി ചേര്‍ത്ത് നാല് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗുണഭോക്താവിന് നൽകുന്നത്. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകളിൽ അത് രേഖപ്പെടുത്തും വിധം ലോഗോ വേണമെന്ന ആവശ്യത്തിലാണ് തര്‍ക്കം.
ബ്രാന്‍റിംഗ് ഇല്ലെങ്കിൽ പണമില്ലെന്ന കേന്ദ്ര കടുംപിടുത്തം പദ്ധതി നടത്തിപ്പിനെ തന്നെ ബാധിക്കുന്നു എന്ന വിമര്‍ശനത്തിന് പിന്നാലെ ബാന്‍റിംഗ് നൽകാൻ കേരളം ഉദ്ദേശിക്കുന്നില്ലെന്ന് തദ്ദേശ മന്ത്രി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2023 ഒക്ടോബര്‍ 31 വരെ ലൈഫ് മിഷന് കീഴിൽ പൂർത്തിയാക്കിയത് 3,56,108 വീടാണ്. അതിൽ പ്രധാൻമന്ത്രി ആവാസ് യോജന അര്‍ബൻ വിഭാഗത്തിൽ 79860 വീടും ഗ്രാമീൺ വിഭാഗത്തിൽ 32171 വീടുമാണുള്ളത്.
അര്‍ബൻ വിഭാഗത്തിൽ 1 ലക്ഷത്തി 50000 വും ഗ്രാമീൺ വിഭാഗത്തിൽ 72000 ഉം ആണ് കേന്ദ്ര വിഹിതം. കേന്ദ്രത്തിൽ നിന്ന് പണം വാങ്ങിയെടുത്ത് സംസ്ഥാനം, പദ്ധതിയുടെ ക്രഡിറ്റെടുക്കുന്നു എന്നാണ് കേന്ദ്ര വാദം. അതേസമയം താരതമ്യേന തുച്ഛമായ വിഹിതമാണ് കേന്ദ്രത്തിൽ നിന്ന് കിട്ടുന്നത് എന്നു മാത്രമല്ല വീടുകളിൽ ലോഗോ പതിക്കുന്നത് വിവേചനത്തിന് ഇടയാക്കുമെന്നും സംസ്ഥാനവും പറയുന്നു. ഗുണഭോക്താക്കളുടെ അന്തസ്സിന് നിരക്കാത്ത നിര്‍ദ്ദേശം എന്ന് കൂടി പറഞ്ഞാണ് കേന്ദ്ര ആവശ്യം കേരളം തള്ളുന്നതും.