ഡൽഹി: മിശ്രവിവാഹ വിവാദത്തിൽ വിചിത്ര പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പലസ്തീൻ റാലികളുടെ മറവിൽ വർഗീയ കോമരങ്ങളെ സിപിഐഎം എഴുന്നള്ളിപ്പിച്ചുവെന്നും അതിനുള്ള ശിക്ഷയാണ് ഇപ്പോൾ കിട്ടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കൊടുത്താൽ കൊല്ലത്തും കിട്ടും.
തൊപ്പിക്കാരെ വിളിച്ച് വേദിയിലിരുത്തി അവർക്ക് സമൂഹത്തിൽ മാന്യത നൽകുന്നത് അപകടമാണ് എന്ന് അന്നേ പറഞ്ഞതാണ്. അരിപ്പത്തൊപ്പിക്കാരേയും ചട്ടിത്തൊപ്പിക്കാരേയും മാത്രം വെച്ച് ഹമാസ് റാലി നടത്തിയത് വിനാശകരമായ നിലപാടാണ് എന്നും പറഞ്ഞതാണ്. ഇപ്പൊ അവരെല്ലാം മിശ്രവിവാഹത്തിന് എതിരായി വന്നിരിക്കയാണ്. സിപിഐഎമ്മിന് അത് കിട്ടണ’മെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിഷയം വിവാദമായതോടെ പ്രസംഗത്തിൽ വിശദീകരണവുമായി നാസർ ഫൈസി കൂടത്തായി തന്നെ രംഗത്തെത്തി. ‘മുസ്ലിം പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് കൊണ്ടുപോകുന്നു എന്നതാണ് തട്ടിക്കൊണ്ടു പോകൽ എന്നതുകൊണ്ട് ഉദ്ദേശിച്ചത്’. കായികമായി തട്ടിക്കൊണ്ടുപോകുന്നു എന്ന അർത്ഥത്തിലല്ല എന്നാണ് വിശദീകരണം.
ഷഹനയുടെ ആത്മഹത്യയിൽ പ്രതിയായ ഡോ. റുവൈസ് എസ്എഫ്ഐക്കാരനാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ ചൊല്ലി കൊടുത്തയാളാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.