Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'സുപ്രീംകോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തില്‍ സാമ്പത്തിക ദുരന്തമുണ്ടാകും,കേന്ദ നിലപാട് തിരുത്തണം'

‘സുപ്രീംകോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തില്‍ സാമ്പത്തിക ദുരന്തമുണ്ടാകും,കേന്ദ നിലപാട് തിരുത്തണം’

കോട്ടയം:   ജി എസ് ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ്  തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി  ഞെരുക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.  നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും  ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ  ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്. വിവേചനപരമായ  നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി.  എന്നാൽ സംസ്ഥാനത്തിന്റെ  അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണു കേന്ദ്രം ചെയ്തത്.

ഈ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ ബലികഴിച്ച് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിന്റെ വിവേചനപരമായ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.  ഈ നിയമ പോരാട്ടം രാജ്യത്തിന്റെ  ഫെഡറൽ സംവിധാനം നിലനിർത്താനുള്ള ചരിത്രപരമായ ഒന്നാണ്.  ഭരണഘടനയുടെ 131ാം ആർട്ടിക്കിൾ അനുസരിച്ച് കേന്ദ്രസംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിന് സുപ്രീം കോടതിക്കുള്ള  അധികാരങ്ങൾ ഉപയോഗിച്ച് ഉത്തരവുണ്ടാകണമെന്നാണ് കേരളം ഹർജിയിൽ അഭ്യർത്ഥിക്കുന്നത്.  

സംസ്ഥാനത്തിന്റെ ധനകാര്യ പ്രവർത്തനങ്ങളിൽ കേന്ദ്രം നടത്തുന്ന  ഭരണഘടനാവിരുദ്ധമായ  ഇടപെടൽ തടയുക,
സംസ്ഥാന നിയമപ്രകാരം നിശ്ചയിക്കപ്പെട്ട അർഹമായ കടമെടുപ്പ് പരിധി  ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നത് റദ്ദാക്കുക,
സംസ്ഥാനത്തിൻറെ പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്രത്തിന്റെ ഉത്തരവ് റദ്ദു ചെയ്യുക,
സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന  കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയ ഉത്തരവ് റദ്ദു ചെയ്യുക, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ  കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികൾ റദ്ദു ചെയ്യുക, ഭരണഘടനയുടെ അനുഛേദം 293(3), 293(4) എന്നിവയുടെ പേരിൽ ഇല്ലാത്ത  അധികാരങ്ങൾ പ്രയോഗിച്ച് സംസ്ഥാനത്തിന് ഭരണഘടനാപരമായുള്ള അധികാരാവകാശങ്ങളിൽ നിയന്ത്രണം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നടപടികൾ വിലക്കുക,
നിയമപ്രകാരമുള്ള കടമെടുപ്പ് പരിധി പ്രയോജനപ്പെടുത്തി വികസനക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുക
ഇങ്ങനെ സംസ്ഥാന സർക്കാരുകൾക്കുള്ള ഭരണഘടനാപരമായ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനാണ് ഈ ഹർജി.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള ഹീനമായ  കൈകടത്തൽ കേന്ദ്രം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കോടതി ഇടപെടൽ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ സാമ്പത്തിക ദുരന്തമാകും ഫലം. അടിച്ചേൽപ്പിക്കപ്പെടുന്ന  നിയന്ത്രണങ്ങൾ സംസ്ഥാനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വിനാശകരമാവും.  പ്രത്യാഘാതങ്ങൾ സമീപഭാവിയിലൊന്നും  പരിഹരിക്കാൻ കഴിയുന്നതുമല്ല.
ഭരണഘടനയിലൂടെ വിഭാവനം ചെയ്യപ്പെട്ട സാമ്പത്തിക ഫെഡറലിസത്തെ  ആസൂത്രിത  നീക്കങ്ങളിലൂടെ പടിപടിയായി തകർക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് വിപത്കരമായ കളിയാണ്.  കിഫ്ബിയും കെ എസ് എസ് പി എല്ലും അടക്കം സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ തടയുന്നതിൽ വിവേചനപരമായ നീക്കമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണിത്.

കേന്ദ്ര നടപടികൾ മൂലമുണ്ടായ  ഗുരുതര പ്രതിസന്ധിക്ക് അയവ് വരുത്താനായി 26,226 കോടി രൂപ അടിയന്തരമായി സംസ്ഥാനത്തിന് ആവശ്യമുണ്ട്. പ്രതിസന്ധി മറികടക്കാൻ അതൊന്നും മതിയാകില്ല. കേന്ദ്ര നടപടികൾ മൂലമുണ്ടായ നഷ്ടം അടുത്ത അഞ്ചു വർഷംകൊണ്ട്,  രണ്ടുമുതൽ  3 ലക്ഷം കോടി രൂപ വരെയാകും എന്നാണ് വിലയിരുത്തൽ.   സംസ്ഥാനത്തിന്റെ  അഞ്ചുവർഷ കാലയളവിലെ ജി ഡി പിയുടെ 20 ശതമാനം മുതൽ 30 ശതമാനം വരെ വരും ഇത്. കേരളത്തെ പോലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ  ഗുരുതരമായി ബാധിക്കുന്നതാണിത്.  ഈ അപകടം തടഞ്ഞില്ലെങ്കിൽ കേരളത്തിന്റെ പരിമിതമായ വിഭവശേഷി വെച്ച് പതിറ്റാണ്ടുകൾ കൊണ്ടുപോലും കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം ചെന്നുചേരും.

വസ്തുതകൾ ഇതായിരിക്കെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക്  ശുപാർശ ചെയ്യണമെന്ന ആവശ്യത്തിന്മേൽ ഗവർണർ സംസ്ഥാനത്തോട് വിശദീകരണം തേടിയിരിക്കുന്നത്. അതുകൊണ്ടൊന്നും മറച്ചുവെക്കാവുന്നതല്ല കേരളത്തിനു കേന്ദ്രം വരുത്തിവെച്ച സാമ്പത്തിക ദുരവസ്ഥ.
സംസ്ഥാനത്തിന്റെ  സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച്  വികസന, ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള ശ്രമങ്ങളിൽ നിരന്തരം ഏർപ്പെടുന്ന കേന്ദ്രത്തോടാണ് യഥാർത്ഥത്തിൽ ഗവർണർ വിശദീകരണം തേടേണ്ടത്.

ഇക്കാര്യത്തിൽ അതിശക്തമായ നിയമപോരാട്ടത്തിന് തന്നെയാണ് കേരള സർക്കാർ തുടക്കം കുറിക്കുന്നത്. നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമായിരിക്കും ഇത്.  ഇതിൽ  ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments