കോഴിക്കോട്: ഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണെന്നും ഇപ്പോൾ എസ്എഫ്ഐയും ഗവര്‍ണറും തമ്മിൽ നടക്കുന്നത് വെറും നാടകമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണറുടെ സ്റ്റാഫിൽ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ടെന്നും പറഞ്ഞ അദ്ദേഹം കൊവിഡ് വ്യാപനത്തിൽ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്. എന്നാൽ സര്‍ക്കാര്‍ അതേക്കുറിച്ച് മിണ്ടുന്നില്ല. ഇതിനകം നാല് മരണങ്ങൾ ഉണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയല്ല. നവകേരളാ സദസ് തീരാൻ കാത്തിരിക്കുകയാണ് സർക്കാർ. അടിയന്തരമായി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗൺമാന്റെ അതിക്രമം നാട്ടിലെ മുഴുവൻ മാധ്യമങ്ങളും കാണിച്ചിട്ടും മുഖ്യമന്ത്രി കണ്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ആ കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നതെന്ന് വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്? മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിൽ വന്ന വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ആളാണ് പ്രതിഷേധക്കാരെ അടിച്ചത്. ഗവര്‍ണര്‍ക്കെതിരെ യുഡിഎഫും പ്രതിഷേധിക്കുന്നുണ്ട്. ഗവര്‍ണറുടെ നടപടികളെ ഏറ്റവും കൂടുതൽ വിമര്‍ശിച്ചത് പ്രതിപക്ഷമാണ്. അന്ന് സര്‍ക്കാരും ഗവര്‍ണറും ഒക്കച്ചങ്ങാതിമാരായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോഴിക്കോട് സര്‍വകലാശാലയിൽ ഗവർണർ നാടകം നടത്തുകയാണ്. എസ്എഫ്ഐ വേറെ നാടകം നടത്തുന്നു. സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ആയത് കൊണ്ടാണ് നാടകം. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഈ നാടകം അരങ്ങേറാറുണ്ട്. ഗവർണർ നോമിനേറ്റ് ചെയ്ത ലിസ്റ്റിൽ ഒരു കോൺഗ്രസുകാരുമില്ല. യുഡിഎഫിലെ ആരും ഗവര്‍ണര്‍ക്ക് പേര് കൊടുത്തില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.