Saturday, January 25, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോൺഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ സംഘര്‍ഷം, ജലപീരങ്കി; ഇനി തല്ലിയാൽ തിരിച്ചടിക്കുമെന്ന് നേതാക്കൾ

കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ സംഘര്‍ഷം, ജലപീരങ്കി; ഇനി തല്ലിയാൽ തിരിച്ചടിക്കുമെന്ന് നേതാക്കൾ

തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ പലയിടത്തും സംഘര്‍ഷം. സെക്രട്ടേറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ മാര്‍ച്ചിൽ നവ കേരള സദസ്സിന്റെ ബാനറുകൾ കീറി. പൊലീസിന് നേരെ കല്ലും വടികളും ചെരിപ്പുമെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കയറാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചു. വടി ഉപയോഗിച്ച് പ്രവര്‍ത്തകര്‍ പൊലീസിനെ തല്ലുകയും ചെയ്തു.

ഗാന്ധിയന്മാര്‍ ദുര്‍ബലരല്ലെന്നും ഇനി തെരുവിൽ തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.യൂത്ത് കോൺഗ്രസ്‌ ഗാന്ധിയൻമാർ ആണെന്ന തെറ്റിധാരണ ഉണ്ടങ്കിൽ അത് മാറ്റിയേക്കെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇനി തെരുവിൽ തല്ലു കൊള്ളാനില്ല. തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കും. ഇത്രെയറേ അടിച്ചിട്ട് തലപൊട്ടിച്ചിട്ട് പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. തെരുവിൽ തല്ലിയാൽ തിരിച്ചടിക്കുമ്പോൾ എന്ത് പേരിട്ട് വേണമെങ്കിലും വിളിച്ചോളൂ. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പൊലീസ് സുരക്ഷ നൽക്കേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു.

ആരാന്റെ കുഞ്ഞുങ്ങളെ റോഡിൽ തല്ലുമ്പോൾ ആസ്വദിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ന്യായീകരിച്ച ആളാണ് പിണറായി വിജയൻ. ഒരു പേപ്പർ പോലും പിണറായിക്ക് നേരെ എറിയരുതെന്നു പറഞ്ഞതാണ്. എന്നാൽ ആ തീരുമാനം മാറ്റുകയാണ്. തിരിച്ചടിക്കണം, ആ തിരിച്ചടി കല്യാശേരിയിൽ നിന്ന് തന്നെ തുടങ്ങും. യൂത്ത് കോൺഗ്രസ്‌കാർ തിരിച്ചടിക്കുമെന്നും കോൺഗ്രസ്‌ കൂടെ ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. മന്ത്രിസഭയുടെ ഒടുക്കത്തെ യാത്ര ആണ് നടക്കുന്നത്. മഹാരാജാവിനെ സിംഹാസനത്തിൽ നിന്ന് താഴെയിറക്കും. മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് ഗുണ്ടയാണെന്നും ഗുണ്ടകളുടെ രക്ഷാധികാരിയാണെന്നും തുടര്‍ന്ന് സംസാരിച്ച ഷാഫി പറമ്പിൽ വിമര്‍ശിച്ചു. 

കൊച്ചിയിൽ നടത്തിയ മാര്‍ച്ചിൽ ഒരാൾ കുഴ‍ഞ്ഞുവീണു. കൊച്ചിയിൽ നടന്ന കോൺഗ്രസ്‌ മാർച്ച്‌ പോലീസ് വഴിയിൽ തടഞ്ഞു. വകതിരിവില്ലാത്ത മനുഷ്യൻ ആണ്‌ പിണറായിയെന്ന് ഡിസിസി പ്രസിഡന്റ് ഷിയാസ് വിമര്‍ശിച്ചു. ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ മന്ത്രിമാർ തിന്നു തരിക്കുകയാണ്. ഒരു മന്ത്രി അമിതമായിഭക്ഷണം കഴിച്ചു ആശുപത്രിയിൽ ആയി. പോലീസുകാർ ലാത്തികൊണ്ട് അടിക്കുമ്പോൾ ഡിവൈഎഫ്ഐക്കാർ കരിങ്കല്ല് കൊണ്ട് അടിക്കുകയാണ്. ആനി ശിവ എന്ന വനിത പൊലീസുകാരിയെ പോലും ഡിവൈഎഫ്ഐ മാരകമായി ആക്രമിച്ചു. എന്നിട്ടും ഒരു പരാതി പോലുമില്ലാത്ത വാഴപിണ്ടികളാണ് പോലീസുകാരെന്നും അദ്ദേഹം പറഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പൊലീസ് ലാത്തി വീശിയപ്പോൾ ഡിസിസി പ്രസിഡന്റ് ലാത്തി പിടിച്ചുവാങ്ങി. ഒരാൾ ഇവിടെ ബോധംകെട്ടു വീണു.

മലപ്പുറം വണ്ടൂരിൽ നടന്ന കോൺഗ്രസ് മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. വണ്ടൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് നേരിയ സംഘർഷം ഉണ്ടായത്. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. കോൺഗ്രസ്‌ മുക്കം ബ്ലോക് കമ്മറ്റി നടത്തിയ മുക്കം പോലീസ് സ്റ്റേഷൻ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് സ്റ്റേഷനിലേക്ക് കയറാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com