എറണാകുളം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം തുടങ്ങി.ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കുകയാണ് സ്നേഹയാത്രയിലൂടെ ബിജെപി ലക്ഷ്യം വക്കുന്നത്.കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെക്കണ്ട് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സ്നേഹയാത്രക്ക് തുടക്കമിട്ടു.
രാവിലെ എട്ടുമണിയോടെയാണ് കെ സുരേന്ദ്രൻ എറണാകുളം കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിലെത്തി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെക്കണ്ടത്.പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ആലഞ്ചേരി പിതാവിന് കൈമാറിയെന്നും അദ്ദേഹം സ്നേഹത്തോടെ അത് സ്വീകരിച്ചെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.സ്നേഹ യാത്രയില്‍ രാഷ്ട്രീയമില്ലെന്നും ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇപ്പോള്‍ കോൺഗ്രസിനെക്കാള്‍ ഇഷ്ട്ടം ബി ജെ പിയോടാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു മുതല്‍ ഈ മാസം 31 വരെ പത്ത് ദിവസങ്ങളിലാണ് ബിജെപിയുടെ സ്നേഹയാത്ര. ക്രൈസ്തവ വോട്ടർമാരിലേക്കുള്ള പാലമാണ് ഇതിലൂടെ ബിജെപി തുറന്നിടുന്നത്. ലോക്സഭ തെരെഞ്ഞെടുപ്പിനിടയിലുള്ള കുറഞ്ഞ സമയത്തിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനായാല്‍ മധ്യ തിരുവിതാംകൂറില്‍ അടക്കം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ നേട്ടമാണ് ബി ജെ പി കണക്കുകൂട്ടുന്നത്.കഴിഞ്ഞ ഈസ്റ്ററിനും വീടുകളിലെത്തി മധുരം നൽകി ബിജെപി ഇത്തരം ശ്രമം നടത്തിയിരുന്നു. സ്നേഹയാത്രയില്‍ വീടുകളിലത്തുമ്പോള്‍ കേന്ദ്രസർക്കാരിന്‍റെ പദ്ധതികള്‍ വിശദീകരിച്ചും ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്‍റെ ഉന്നമനത്തിന് വേണ്ടി സ്വീകരിച്ച നടപടികള്‍ അവതരിപ്പിച്ചും വിശ്വാസികളുമായി കൂടുതല്‍ അടുക്കാനാവുമെന്നാണ് ബി ജെ പി നേതാക്കളുടെ പ്രതീക്ഷ.എന്നാല്‍ സ്നേഹയാത്രയോടുള്ള പ്രതികരണമെന്താണെന്ന് വ്യക്തമാക്കാൻ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി തയ്യാറായില്ല.മാത്രവുമല്ല കെ സുരേന്ദ്രന്‍റെ സന്ദര്‍ശനവും കൂടിക്കാഴ്ച്ചയും ദൃശ്യങ്ങളെടുക്കാനും സഭ നേതൃത്വം മാധ്യമങ്ങളെ അനുവദിച്ചതുമില്ല.